

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. ഗവർണർക്കെതിരെ ബന്ധു നിയമന ആരോപണമടക്കമുന്നയിച്ചായിരുന്നു മഹുവയുടെ പ്രതികരണം. സംസ്ഥാനത്തെ ക്രമസമാധാന നില അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്ന ഗവർണറുടെ ആരോപണത്തിന് മറുപടിയായിട്ടാണ് ബന്ധു നിയമന ആരോപണമടക്കം ഉന്നയിച്ചുള്ള എംപിയുടെ പ്രതികരണം.
ഗവർണറുടെ സ്‌പെഷ്യൽ ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥരെല്ലാം ഏതെങ്കിലും തരത്തിൽ അദ്ദേഹവുമായി ബന്ധമുളളവരോ, അദ്ദേഹത്തിന് അടുത്തറിയാവുന്നവരോ ആണെന്നാണ് മഹുവയുടെ ആരോപണം. ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ ഉൾപ്പടെയുളള രേഖകളും മഹുവ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗവർണർ അദ്ദേഹത്തിന്റെ ബന്ധുക്കളേയും കൊണ്ട് ഡൽഹിയിലേക്ക് തിരികെ പോവുകയാണെങ്കിൽ മാത്രമേ സംസ്ഥാനത്തെ ഭീതിതമായ അന്തരീക്ഷത്തിന് മാറ്റമുണ്ടാകുകയുളളൂ എന്നും മഹുവ വ്യക്തമാക്കി.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി എച്ച്കെ ദ്വിവേദിയെ ഗവർണർ വിളിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു എംപി രൂക്ഷമായി തിരിച്ചടിച്ചത്. അങ്കിൾ ജി എന്നാണ് മഹുവ ഗവർണറെ സംബോധന ചെയ്തത്. നിങ്ങൾ ഡൽഹിയിലേക്ക് മടങ്ങി പോകണമെന്നും പോകുമ്പോൾ രാജ്ഭവനിൽ സ്ഥിര താമസമാക്കിയ ബന്ധുക്കളേയും കൂടെ കൂട്ടണമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
അദ്ദേഹത്തോട് ചോദ്യങ്ങൾ ഉന്നയിക്കാനുളള ജനാധിപത്യപരമായ അവകാശം നമുക്കുണ്ട്. അദ്ദേഹം സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. അതിനുപകരം സ്വയം കണ്ണാടിയിൽ നോക്കണമെന്ന് ഞാനദ്ദേഹത്തോട് പറയാൻ ആഗ്രഹിക്കുകയാണ്. അദ്ദേഹം തന്റെ ഗ്രാമം മുഴുവനും രാജ്ഭവനിലേക്ക് കൂട്ടിക്കൊണ്ടുവന്നിരിക്കുകയാണെന്നും എംപി പരിഹസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates