

ന്യൂഡല്‍ഹി: വീട്ടമ്മയുടെ അധ്വാനം വരുമാനമുള്ള ഭര്‍ത്താവിനെ ഫലപ്രദമായി ജോലി ചെയ്യാന്‍ പ്രാപ്തമാക്കുന്നുവെന്നും ജീവനാംശം തീരുമാനിക്കുമ്പോള്‍ അവരുടെ സംഭാവനകള്‍ അവഗണിക്കുന്നത് അനീതിയാണെന്നും ഡല്‍ഹി ഹൈക്കോടതി. തൊഴിലില്ലാത്ത ഭാര്യ അലസയാണെന്ന മിഥ്യാധാരണ പൊളിച്ചെഴുതണമെന്ന് കോടതി പറഞ്ഞു.
ഭാര്യയ്ക്ക് ജോലി ഇല്ലാത്തതിനെ അലസതയായോ മനഃപൂര്‍വമായ ആശ്രയത്വമായോ കണക്കാക്കാന്‍ കഴിയില്ല. ജീവനാംശം നിര്‍ണയിക്കുമ്പോള്‍ സാമ്പത്തിക വരുമാനം മാത്രമല്ല, വിവാഹ ജീവിതത്തിനിടയില്‍ വീട്ടുജോലിക്കു നല്‍കുന്ന സംഭാവനകളുടെ സാമ്പത്തിക മൂല്യം കൂടി കണക്കാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ നിരീക്ഷിച്ചു.
വരുമാനമില്ലാത്ത പങ്കാളി അലസയാണ് എന്ന അനുമാനം ഗാര്‍ഹിക സംഭാവനകളെക്കുറിച്ചുള്ള തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു. തൊഴില്‍ ചെയ്യാത്തതിനെ അലസതയായി വിശേഷിപ്പിക്കാന്‍ എളുപ്പമാണ്. ഒരു കുടുംബം നിലനിര്‍ത്തുന്നതിനുള്ള അധ്വാനം തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണെന്നും വിധി ന്യായത്തില്‍ പറയുന്നു. ഒരു വീട്ടമ്മ വെറുതെ ഇരിക്കില്ല. വരുമാനമുള്ള പങ്കാളിയെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്ന ജോലിയാണ് അവള്‍ ചെയ്യുന്നത്. അവകാശവാദങ്ങള്‍ തീര്‍പ്പാക്കുമ്പോള്‍ ഈ സംഭാവന അവഗണിക്കുന്നത് യാഥാര്‍ഥ്യ ബോധമില്ലാത്തതും അന്യായവുമാണ്. ഭാര്യയെ ജോലിക്കെടുക്കാത്തതിനെ അലസതയോ ഭര്‍ത്താവിനെ മനഃപൂര്‍വം ആശ്രയിക്കുന്നതോ ആയി കണക്കാക്കുന്നതിനോടും യോജിക്കാനാവില്ല. നിയമപ്രകാരം വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് ജീവനാംശം നല്‍കുന്നത് പരിഗണിക്കുകയായിരുന്നു കോടതി.
ഒരു കുടുംബം കൈകാര്യം ചെയ്യുക, കുട്ടികളെ പരിപാലിക്കുക, കുടുംബത്തെ പിന്തുണയ്ക്കുക, വരുമാനമുള്ള ഇണയുടെ കരിയറിനെ സഹായിക്കുന്ന രീതിയില്‍ വീട്ടിലെ കാര്യങ്ങള്‍ ക്രമീകരിക്കുക ഇതെല്ലാം ജോലിയുടെ വിവിധ രൂപങ്ങളാണ്. ഈ ഉത്തരവാദിത്തങ്ങള്‍ ബാങ്ക് സ്റ്റേറ്റുമെന്റുകളില്‍ പ്രത്യക്ഷപ്പെടുകയോ നികുതി നല്‍കേണ്ട വരുമാനം ഉണ്ടാക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ അവ പല കുടുംബങ്ങളുടേയും മുന്നോട്ടു പോക്കിന് അദൃശ്യ ഘടന ഉണ്ടാക്കുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹ ശേഷം സ്ത്രീ പലപ്പോഴും ജോലി ഉപേക്ഷിക്കുന്നു. എന്നാല്‍ വിവാഹത്തര്‍ക്കങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ പലപ്പോഴും ഭാര്യ മനഃപൂര്‍വം തൊഴില്‍രഹിതയായി തുടരുന്നുവെന്ന് ആരോപിച്ച് ജീവനാംശം നല്‍കുന്നതിന് തടസമാകാറുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അത്തരമൊരു നിലപാട് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കുടുംബം കെട്ടിപ്പടുക്കുന്നതിനായി സമയവും പരിശ്രമവും വര്‍ഷങ്ങളും ചെലവഴിച്ച ഇണയെ സാമ്പത്തികമായി ഞെരുക്കത്തിലാക്കരുതെന്നും നിയമം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates