

ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് വാഹനം പാഞ്ഞുകയറിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ഇന്നലെ യുപി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയത്.
സുപ്രീം കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ മുഖ്യപ്രതി ആശിശ് കുമാർ മിശ്രയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ആശിശ് മിശ്രയ്ക്ക് പൊലീസ് സമൻസ് അയച്ചത്. ഇയാൾക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആശിശ് മിശ്ര കർഷകർക്കുനേരെ വെടിവെച്ചെന്നും കാർ ഓടിച്ചകയറ്റിയപ്പോൾ അദ്ദേഹമുണ്ടായിരുന്നെന്നും എഫ്‌ഐആറിൽ പറയുന്നു.
ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകനുൾപ്പെട്ട സംഘം വാഹനം ഓടിച്ചുകയറ്റി കർഷകർ അടക്കം പത്തുപേർ കൊല്ലപ്പെട്ടത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിൻറെയും കർഷക സംഘടനകളുടെയും തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates