

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻ പ്രഖ്യാപനങ്ങളുമായി യോഗി ആദിത്യനാഥ് സർക്കാർ. ബിരുദം പൂർത്തിയാക്കുന്ന മിടുക്കികളായ വിദ്യാർഥിനികൾക്ക് സൗജന്യമായി സ്കൂട്ടറുകൾ നൽകുന്ന 'റാണി ലക്ഷ്മിഭായി സ്കൂട്ടി പദ്ധതി'ക്ക് ചൊവ്വാഴ്ച ചേർന്ന യോഗി മന്ത്രിസഭ അംഗീകാരം നൽകി.ഓരോ സർവ്വകലാശാലയിലെയും കോളജുകളിലെയും അവസാന വർഷ ബിരുദ കോഴ്‌സുകളിൽ പഠിക്കുന്ന മിടുക്കികളായ മികച്ച 5 ശതമാനം പെൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഗ്രാമീണ മേഖലകളിലെ ഇന്ധന ലഭ്യതയും സർവീസ് സെന്ററുകളുടെ ലഭ്യതയും കണക്കിലെടുത്ത് പെട്രോൾ വാഹനങ്ങളാണ് നൽകുന്നത്. ജിഇ.എം പോർട്ടൽ വഴിയാണ് വാഹനങ്ങൾ വാങ്ങുന്നത്. സ്കൂട്ടറിന് പുറമെ രജിസ്ട്രേഷൻ ചെലവ്, കോംപ്രഹെൻസീവ് ഇൻഷുറൻസ്, ഐഎസ്ഐ മാർക്കുള്ള ഹെൽമെറ്റ്, ആവശ്യമായ അനുബന്ധ സാമഗ്രികൾ, തുടക്കത്തിൽ ഉപയോഗിക്കാൻ 5 ലിറ്റർ പെട്രോൾ എന്നിവയും സർക്കാർ സൗജന്യമായി നൽകും. വാർഷിക വരുമാനം 12 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥിനികൾക്കാണ് യോഗ്യത. എന്നാൽ ഭിന്നശേഷിക്കാർ, രക്തസാക്ഷികളുടെ മക്കൾ, നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികൾ എന്നിവർക്ക് മാർക്കിന്റെയോ വരുമാനത്തിന്റെയോ മുൻഗണനാ നിബന്ധനകളിൽ ഇളവുണ്ടാകും. പദ്ധതിക്കായി 400 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിലൂടെ 50,000-ത്തോളം പെൺകുട്ടികൾക്ക് പ്രയോജനം ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates