അക്രമത്തിലൂടെ ഭരണമാറ്റത്തിന് ശ്രമിക്കുന്നവർക്ക് സർക്കാർ ജോലിയില്ല: ഉത്തരവിറക്കി യോഗി സർക്കാർ

രാഷ്ട്രീയ നിലപാടോ എഫ്ഐആറോ മാത്രം അയോഗ്യതയാകില്ലെന്ന് വിശദീകരണം
UP Chief Minister Yogi Adityanath
Yogi Adityanath file
Edited By:
Updated on: 
2 min read

ലഖ്‌നൗ: നിലവിലെ ഭരണസംവിധാനങ്ങളെയും വ്യവസ്ഥിതിയെയും അക്രമമാർഗ്ഗങ്ങളിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് സർക്കാർ ജോലികളിൽ പ്രവേശനം നൽകില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ. സർക്കാർ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ സ്വഭാവ-പശ്ചാത്തല പരിശോധന കൂടുതൽ കർശനമാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. അടുത്തിടെ ചില പ്രതിഷേധങ്ങൾക്കിടെ 'ഭരണമാറ്റം' വേണമെന്ന പ്രഖ്യാപനങ്ങൾ ഉയർന്നത് വിവാദമായതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം.

അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് സർക്കാർ പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ സർക്കാർ വകുപ്പുകൾ, കോർപ്പറേഷനുകൾ, കൗൺസിലുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നേരിട്ടുള്ള നിയമനങ്ങൾക്ക് ഈ വ്യവസ്ഥകൾ ബാധകമായിരിക്കും. അക്രമത്തിലൂടെ നിലവിലെ ഭരണസംവിധാനത്തെ തകിടംമറിക്കാൻ ലക്ഷ്യമിടുന്ന സംഘടനകളുമായി ബന്ധമുള്ളവരെ പൊതുമേഖലാ തൊഴിലുകളിൽനിന്ന് മാറ്റിനിർത്താമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞതിനുശേഷം, വെരിഫിക്കേഷൻ നടക്കുന്നതിന് മുൻപുള്ള മൂന്ന് വർഷത്തിനിടയിൽ ഇത്തരം അക്രമ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ചരിത്രമുണ്ടെങ്കിൽ അത് ഇപ്പോഴും തുടരുന്നതായി കണക്കാക്കാം. എന്നാൽ, ഈ കാലയളവിൽ ഉദ്യോഗാർത്ഥിയുടെ സ്വഭാവത്തിൽ ഗുണപരമായ മാറ്റമുണ്ടായതിന് കൃത്യമായ തെളിവുകളുണ്ടെങ്കിൽ അത് പരിഗണിക്കാൻ വ്യവസ്ഥയുണ്ട്. അതേസമയം, കേവലം രാഷ്ട്രീയ നിലപാടുകളോ പ്രത്യയശാസ്ത്രപരമായ വിശ്വാസങ്ങളോ ഒരു ഉദ്യോഗാർത്ഥിയെ ജോലിയിൽനിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

നിയമന നടപടികൾ അനന്തമായി നീണ്ടുപോകുന്നത് ഒഴിവാക്കാൻ ജില്ലാ പൊലീസിനും ലോക്കൽ ഇന്റലിജൻസ് യൂണിറ്റിനും 30 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. വെരിഫിക്കേഷൻ ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കാലതാമസം ഉണ്ടാകുന്നുണ്ടോയെന്ന് ആഭ്യന്തര വകുപ്പ് നേരിട്ട് നിരീക്ഷിക്കും. പരിശോധനയ്ക്കായി പൊലീസോ ഇന്റലിജൻസ് ഉദ്യോഗസ്ഥരോ ഉദ്യോഗാർത്ഥിയുടെ വീടുകൾ സന്ദർശിക്കേണ്ടതില്ലെന്നും, ഉദ്യോഗാർത്ഥി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. വെരിഫിക്കേഷൻ റിപ്പോർട്ടിൽ എന്തെങ്കിലും എതിർപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അന്തിമ ശുപാർശ നൽകുന്നതിന് മുൻപ് ഉദ്യോഗാർത്ഥിക്ക് നേരിട്ടോ ഓൺലൈനായോ വിശദീകരണം നൽകാൻ ജില്ലാ മജിസ്ട്രേറ്റ് അവസരം നൽകണം.

വെറുമൊരു എഫ്ഐആർ രജിസ്റ്റർ ചെയ്തതുകൊണ്ടോ അന്വേഷണം നിലനിൽക്കുന്നതുകൊണ്ടോ ഒരാൾ തനിയെ അയോഗ്യനാവില്ല. കോടതി കുറ്റവിമുക്തരാക്കിയ കേസുകൾ, ഒത്തുതീർപ്പിലായവ, ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ പരിധിയിൽ വരുന്നവ എന്നിവയും അയോഗ്യതയ്ക്ക് കാരണമാകില്ല. വെരിഫിക്കേഷൻ റിപ്പോർട്ട് വരാൻ വൈകിയാലും ഉദ്യോഗാർത്ഥിയുടെ സത്യവാങ്മൂലത്തിന്റെയും രേഖകളുടെയും അടിസ്ഥാനത്തിൽ താത്കാലിക നിയമന ഉത്തരവ് നൽകാം. എന്നാൽ പിന്നീട് പരിശോധനയിൽ ഉദ്യോഗാർത്ഥി തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് കണ്ടെത്തിയാൽ നിയമനം ഉടനടി റദ്ദാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. നിലവിൽ സർവീസിലുള്ള ജീവനക്കാർക്ക് വീണ്ടും വെരിഫിക്കേഷൻ ആവശ്യമില്ല.

സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. സ്വതന്ത്ര ഇന്ത്യയിൽ പൗരന്മാർക്ക് ഭരണഘടനാപരമായി ഉറപ്പുനൽകിയിട്ടുള്ള പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് സമാജ്‌വാദി പാർട്ടി കുറ്റപ്പെടുത്തി. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ അടിച്ചമർത്താൻ കൊണ്ടുവന്ന കരിനിയമങ്ങൾക്ക് തുല്യമാണ് യുപി സർക്കാരിന്റെ ഈ തീരുമാനമെന്ന് എസ്പി വക്താവ് ഉദയ്‌വീർ ആരോപിച്ചു. ജനാധിപത്യത്തിൽ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും നിയമപരമായ പ്രക്രിയകളിലൂടെ ഭരണമാറ്റം സംഭവിക്കാറുണ്ട്. ജനങ്ങളെ ഭയപ്പെടുത്തി നിർത്താനുള്ള ഭരണകൂടത്തിന്റെ മാനസികാവസ്ഥയാണ് ഇത്തരം ഉത്തരവുകളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം വിമർശിച്ചു. പുതിയ തലമുറയുടെ പ്രതിഷേധങ്ങളെ സർക്കാർ വല്ലാതെ ഭയപ്പെടുന്നതിന്റെ തെളിവാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് റഷീദ് ആൽവി പ്രതികരിച്ചു. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഇവിടെ കോടതികളില്ലേ എന്നും ഇത്തരം ഉത്തരവുകൾ ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ചോദ്യം ചെയ്തു.

Summary

The Uttar Pradesh government has unveiled overhauled and stringent character verification guidelines for public employment, mandating that individuals affiliated with organizations or movements aiming to dismantle the established system through violent means could be barred from securing government jobs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com