ഉത്തര്‍പ്രദേശ് നാലായി വിഭജിക്കണം, പുര്‍വാഞ്ചല്‍ മുഖ്യമന്ത്രി പദം 'രാജ്ഭര്‍ സമുദായ'ത്തിന്: യുപി മന്ത്രി

അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്ഭറുടെ പ്രസ്താവന ചര്‍ച്ചയാകുന്നത്
Om Prakash Rajbhar
Om Prakash Rajbhar
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ജനസംഖ്യയേറിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് നാല് ചെറിയ സംസ്ഥാനങ്ങളായി വിഭജിക്കുന്നത് അനിവാര്യമാണെന്ന് യുപി മന്ത്രി ഓംപ്രകാശ് രാജ്ഭര്‍. എന്‍ഡിഎ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനാണ് രാജ്ഭര്‍. സംസ്ഥാനത്തിന്റെ പുനഃസംഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിക്കൊണ്ടാണ് മന്ത്രിയുടെ പരാമര്‍ശം. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്ഭറുടെ പ്രസ്താവന ചര്‍ച്ചയാകുന്നത്.

ഉത്തര്‍പ്രദേശ് വിഭജിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായി രാഷ്ട്രീയ ചര്‍ച്ചകളിലുള്ളതാണ്. പുര്‍വാഞ്ചല്‍ (കിഴക്കന്‍ യുപി, മധ്യാഞ്ചല്‍ അഥവാ അവധ് പ്രദേശ്, ബുന്ദേല്‍ഖണ്ഡ് (തെക്കന്‍ പ്രദേശം), ഹരിത് പ്രദേശ് അഥവാ പശ്ചിമ പ്രദേശ് (പടിഞ്ഞാറന്‍ യുപി) എന്നിങ്ങനെയാണ് സംസ്ഥാനം നാലായി വിഭജിക്കണമെന്ന നിര്‍ദ്ദേശം. പുര്‍വാഞ്ചല്‍ സംസ്ഥാനം രൂപീകരിക്കുകയാണെങ്കില്‍, ആ പ്രദേശത്തുനിന്ന് രാജ്ഭര്‍ സമുദായത്തില്‍പ്പെട്ട ഒരാള്‍ മുഖ്യമന്ത്രിയാകണം എന്നത് ഭാവിയിലെ ഏത് തിരഞ്ഞെടുപ്പ് സഖ്യത്തിനും പാലിക്കേണ്ട പ്രധാനപ്പെട്ട ഒരു വ്യവസ്ഥയായിരിക്കുമെന്ന് ഓംപ്രകാശ് രാജ്ഭര്‍ വ്യക്തമാക്കി. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജനസാന്ദ്രത കൂടിയ പുര്‍വാഞ്ചല്‍ തൊഴിലില്ലായ്മയും കുടിയേറ്റവും പോലുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ലഖ്നൗ, കാണ്‍പൂര്‍ തുടങ്ങിയ പ്രധാന ഭരണസിരാകേന്ദ്രങ്ങളും സാമ്പത്തിക കേന്ദ്രങ്ങളും മധ്യാഞ്ചലില്‍ ഉള്‍പ്പെടും. വരള്‍ച്ചാബാധിതവും വിഭവശേഷി കുറഞ്ഞതുമാണ് ബുന്ദേല്‍ഖണ്ഡ് മേഖല. ദേശീയ തലസ്ഥാനമായ ഡല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന മേഖലയാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്. ശക്തമായ കാര്‍ഷിക അടിത്തറയുള്ള മേഖല കൂടിയാണിത്.

അതേസമയം യുപി വിഭജിക്കണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവല്ല രാജ്ഭര്‍. 1955ല്‍ ബിആര്‍ അംബേദ്കര്‍ തന്റെ 'തോട്ട്‌സ് ഓണ്‍ ലിംഗ്വിസ്റ്റിക് സ്റ്റേറ്റ്‌സ്' എന്ന പുസ്തകത്തില്‍ ഉത്തര്‍പ്രദേശിനെ മൂന്ന് ചെറിയ സംസ്ഥാനങ്ങളായി വിഭജിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 2011ല്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി സര്‍ക്കാരും സംസ്ഥാനം നാല് മേഖലകളായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് യുപി നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടികള്‍ ഉണ്ടാകാതിരുന്നതിനാല്‍ ആ പ്രമേയം മുന്നോട്ടുപോയില്ല. 2000ല്‍ യുപിയിലെ വടക്കന്‍ മലനിരകളിലുള്ള ജില്ലകള്‍ ചേര്‍ത്താണ് ഉത്തരാഖണ്ഡിന് രൂപംനല്‍കിയത്.

Om Prakash Rajbhar
പൗരത്വം നേടുന്നതിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന പരാതി; സോണിയ ഗാന്ധിക്ക് തിരിച്ചടി
Om Prakash Rajbhar
രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം
Om Prakash Rajbhar
'അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണം; അത് മനസിലാകുന്ന ഭാഷയില്‍ വേണം'
Summary

'Division is inevitable': UP minister calls for split of state into 4, makes Purvanchal CM demand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com