

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനായി കേന്ദ്ര സർക്കാർ പാസാക്കിയ 2023-ലെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടു. കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യത്തിൽ ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവർക്കിടയിൽ ഭിന്നസ്വരമുണ്ടായെങ്കിലും, കേസ് തീർപ്പാക്കുന്നതിൽ കൂടുതൽ കാലതാമസം ഒഴിവാക്കാനായി വിഷയം ഉചിതമായ അംഗബലമുള്ള ഭരണഘടനാ ബെഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസിനോട് ശുപാർശ ചെയ്യുകയായിരുന്നു. കേസ് ആദ്യം മൂന്നംഗ ബെഞ്ചിന് വിട്ട് വീണ്ടും സമയം കളയുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബെഞ്ച് സംയുക്തമായി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ നിയമപ്രകാരം കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നത്. ഈ തെരഞ്ഞെടുപ്പ് സമിതിയുടെ ഘടനയെയും നിയമത്തിലെ ഏഴാം വകുപ്പിനെയുമാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. സമിതിയിൽ സർക്കാരിന് രണ്ടും പ്രതിപക്ഷത്തിന് ഒന്നും എന്ന ഭൂരിപക്ഷം ലഭിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ നിലനിൽപ്പ് തകരുമെന്നാണ് ഹർജിക്കാരുടെ വാദം. നേരത്തെ അനൂപ് ബരൺവാൾ കേസിൽ പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതി വേണം നിയമനം നടത്താനെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. പാർലമെന്റ് നിയമം പാസാക്കുന്നതുവരെയുള്ള ഇടക്കാല ക്രമീകരണമായിരുന്നു അതെങ്കിലും, കമ്മീഷന്റെ സ്വയംഭരണാധികാരം സംരക്ഷിക്കണമെന്ന ഭരണഘടനാ തത്വം പുതിയ നിയമത്തിലൂടെ സർക്കാർ അട്ടിമറിച്ചുവെന്ന് ഹർജിക്കാർ ആരോപിച്ചു.
2023-ലെ നിയമം സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നുണ്ടോ എന്നതിൽ ജസ്റ്റിസ് ദീപങ്കർ ദത്ത പ്രഥമദൃഷ്ട്യാ സംശയം പ്രകടിപ്പിച്ചു. സമിതിയുടെ ഘടന ഭരണകൂടത്തിന് പൂർണ്ണ വീറ്റോ അധികാരം നൽകുന്നതാണെന്നും ഇത് കമ്മീഷന്റെ വിശ്വാസ്യത തകർക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി ഒരിക്കലും പ്രധാനമന്ത്രിയുടെ നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്യുമെന്ന് കരുതാനാകില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്ക് യഥാർത്ഥത്തിൽ സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പ് കമ്മീഷൻ അനിവാര്യമാണ്. കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിച്ചാൽ മാത്രം പോരാ, അത് സ്വതന്ത്രമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണം. ബാറ്റിങ് ചെയ്യുന്ന ഒരു ടീം സ്വന്തം ഇഷ്ടപ്രകാരം അമ്പയറെ തെരഞ്ഞെടുക്കുന്നതുപോലെയാണിത്. ആ അമ്പയർ ശരിയായ തീരുമാനങ്ങൾ എടുത്താൽ പോലും അദ്ദേഹം ആ ടീമിനോട് കൂറുള്ള ആളാണെന്ന സംശയത്തിന്റെ നിഴലിൽ മാത്രമായിരിക്കും നിൽക്കുകയെന്നും ജസ്റ്റിസ് ദത്ത ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്നും അനൂപ് ബരൺവാൾ കേസിലെ വിധിയിലൂടെ കമ്മീഷന്റെ സ്വാതന്ത്ര്യം വ്യക്തമാക്കപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, ഭരണഘടനയിലെ അനുച്ഛേദം 324-ന്റെയും പാർലമെന്റിന്റെ നിയമനിർമ്മാണ അധികാരത്തിന്റെയും വ്യാഖ്യാനവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഭരണഘടനാ ചോദ്യങ്ങൾ ഉയർന്നുവന്നതിനാൽ ഭരണഘടനയുടെ 145(3) അനുച്ഛേദം അനുസരിച്ച് കേസ് ഒരു ഭരണഘടനാ ബെഞ്ച് തന്നെ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ നിലപാടെടുത്തു. ഇരു ജഡ്ജിമാരുടെയും കാഴ്ചപ്പാടുകൾ തമ്മിൽ വ്യത്യാസമുണ്ടെങ്കിലും, കേസിൽ ഇനി കാലതാമസം വരുത്തരുതെന്ന് വ്യക്തമാക്കിയ കോടതി, ഉചിതമായ അംഗബലമുള്ള ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനായി ഫയൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി വിട്ടു. ഭരണഘടനാ ബെഞ്ചുകൾ കേസുകൾ പരിഗണിക്കുന്നതിലുണ്ടാകുന്ന കാലതാമസത്തിൽ ആശങ്ക രേഖപ്പെടുത്തിയ കോടതി, ഒരു സ്ഥിരം ഭരണഘടനാ ബെഞ്ച് സ്ഥാപിക്കുന്നതിനെക്കുറിച്ചും ഉത്തരവിൽ പരാമർശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates