

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎസില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചയക്കുന്നു. 119 പേരടങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് രാത്രി പത്തുമണിക്ക് അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സംഘത്തില്‍ പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ഉള്‍പ്പെടുന്നു. ഗുജറാത്ത് (8), ഉത്തര്‍ പ്രദേശ് (3), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (2), ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരോ വ്യക്തികളുമാണ് പുതിയ സംഘത്തില്‍ ഉള്ളത്. നാടുകടത്തപ്പെട്ടവരെ വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ വിമാനം നാളെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അനധികൃതമായി താമസിക്കുന്നുവെന്ന് അമേരിക്ക കണ്ടെത്തിയ ഇന്ത്യക്കാരുടെ നാടുകടത്തല്‍ രണ്ടാഴ്ചയിലൊരിക്കല്‍ തുടരും, രേഖകളില്ലാത്ത എല്ലാ കുടിയേറ്റക്കാരെയും ആഴ്ചയില്‍ ഒരിക്കല്‍ അവിടെ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്താനാണ് നീക്കം.
അതേസമയം ഇന്ന് അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരെ കൈകാലുകള്‍ ബന്ധിച്ചോണോ കൊണ്ടുവരുന്നതെന്ന് രാജ്യം ഉറ്റുനോക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം കുറിച്ചു. രാജ്യത്തിന്റെ നയതന്ത്രം പരീക്ഷിക്കുന്ന ഒന്നാകും ഇതെന്നും ചിദംബരം എക്‌സില്‍ കുറിച്ചു.
104 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഫെബ്രുവരി അഞ്ചിന് സൈനിക വിമാനത്തില്‍ തിരിച്ചെത്തിച്ചിരുന്നു. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ പുതിയ സംഘത്തെയും നാട്ടിലേക്ക് തിരിച്ചയക്കുന്നത്. 18,000 ത്തോളം ഇന്ത്യക്കാര്‍ അനധികൃതമായി യുഎസില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
അതേസമയം, യുഎസില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ പ്രതികരിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ നിലപാട് അറിയിച്ചത്. നിയമപരമായ രേഖകളില്ലാതെ യുഎസില്‍ താമസിക്കുന്ന പൗരന്‍മാരെ ഇന്ത്യ സ്വീകരിക്കും. അനധികൃതമായി മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ലെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates