

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് കർശനമായ മുന്നറിയിപ്പുമായി അമേരിക്ക. വിദ്യാർത്ഥി വിസയുടെ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് യു എസ് ആവശ്യപ്പെട്ടു. വിസ വ്യവസ്ഥകൾ ലംഘിക്കുന്ന വിദ്യാർത്ഥികൾക്ക് ഉടനടി വിസ റദ്ദാക്കൽ, ഭാവിയിലെ യുഎസ് വിസകൾക്ക് (US Visa)യോഗ്യതയില്ലായ്മ എന്നിവ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ന്യൂഡൽഹിയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി.
"എല്ലായ്‌പ്പോഴും നിങ്ങളുടെ വിസയുടെ നിബന്ധനകൾ പാലിക്കുകയും പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ വിദ്യാർത്ഥി പദവി നിലനിർത്തുകയും ചെയ്യുക," എംബസി ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞു.
"നിങ്ങൾ പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകൾ ഒഴിവാക്കുകയോ, അല്ലെങ്കിൽ നിങ്ങൾ പഠിക്കുന്ന സ്ഥാപനത്തിനെ അറിയിക്കാതെ പഠന പരിപാടി ഉപേക്ഷിക്കുകയോ ചെയ്താൽ, നിങ്ങളുടെ വിദ്യാർത്ഥി വിസ റദ്ദാക്കപ്പെടാം, ഭാവിയിലെ യുഎസ് വിസകൾക്കുള്ള യോഗ്യത നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം," അറിയിപ്പിൽ പറഞ്ഞു.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം. ശരിയായ രീതിയിൽ അറിയിപ്പ് നൽകാതെ അക്കാദമിക് പ്രോഗ്രാമുകളിൽ നിന്ന് പുറത്തുപോകുന്നതോ, ക്ലാസുകൾ ഒഴിവാക്കുന്നതോ, സർവകലാശാലകൾ വിടുന്നതോ ആയ വിദ്യാർത്ഥികൾ അവരുടെ വിസാ നിബന്ധനകളുടെ നേരിട്ടുള്ള ലംഘനമാണ് നടത്തുന്നതെന്ന് യു എസ് എംബസി വ്യക്തമാക്കുന്നു.
അത്തരം പ്രവർത്തനങ്ങൾ അവരുടെ F-1 വിസ പദവി ഉടനടി അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം, ഇത് യുഎസിലെ അവരുടെ നിയമപരമായ താമസത്തെ അപകടത്തിലാക്കുകയും ഭാവിയിലെ പഠനത്തെയോ ഇമിഗ്രേഷൻ ആനുകൂല്യങ്ങളെയോ ബാധിക്കുകയും ചെയ്തേക്കാം.
ഇന്റർനാഷണൽ എഡ്യൂക്കേഷണൽ എക്സ്ചേഞ്ചിനെക്കുറിച്ചുള്ള ഓപ്പൺ ഡോർസ് 2024 റിപ്പോർട്ട് അനുസരിച്ച്, 2023-2024 അധ്യയന വർഷത്തിൽ യുഎസ് കോളേജുകളിലും സർവകലാശാലകളിലും ചേർന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തം 1,126,690 വിദേശ വിദ്യാർത്ഥികൾ യു എസ്സിൽ പഠിക്കുന്നു, മുൻ വർഷത്തേക്കാൾ ഏഴ് (7%) ശതമാനം വർദ്ധനവനാവാണിത്.
ഈ കാലയളവിൽ പഠനത്തിനായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പോയിട്ടുള്ളത് ഇന്ത്യ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു, ഈ കാലയളവിൽ 331,602 വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി യുഎസിലേക്ക് പോയത്. മുൻ അധ്യയന വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 23% വർദ്ധനവാണ്.
നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് ട്രംപ് ഭരണകൂടത്തിന് കീഴിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മോശം അക്കാദമിക് പ്രകടനം, അനധികൃതമായി ഹാജരാകാതിരിക്കൽ, അല്ലെങ്കിൽ യു എസ്സിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ജോലിചെയ്യാനുള്ള അവസരം നൽകുന്ന ദി ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (The Optional Practical Training- OPT )പ്രകാരം തൊഴിൽ ചെയ്യുന്ന കാര്യം റിപ്പോർട്ട് ചെയ്യാതിരിക്കൽ തുടങ്ങിയ ലംഘനങ്ങൾ നാടുകടത്തലിലേക്കും ജോലി അനുമതിക്കുള്ള അംഗീകാരം അവസാനിപ്പിക്കുന്നതിലേക്കും നയിച്ചേക്കാം. കൂടാതെ, അത്തരം ലംഘനങ്ങൾ H-1B, L-1, അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ ഉൾപ്പെടെയുള്ള ഭാവി വിസ അപേക്ഷകളുടെ അംഗീകാരം ലഭിക്കുന്നതിന് പ്രതികൂലമാകാം.
ഈ മാസം ആദ്യം, യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജൻസിയും ഒപിടി (OPT )യിലെ വിദ്യാർത്ഥികളെ അവരുടെ ഒപിടി കാലയളവ് ആരംഭിച്ച് 90 ദിവസത്തിനുള്ളിൽ അവരുടെ തൊഴിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഓർമ്മിപ്പിച്ചിരുന്നു. ഇത് പാലിക്കാതിരുന്നാൽ യുഎസിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ട്രാക്ക് ചെയ്യുന്ന സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റത്തിൽ (SEVIS) അവരുടെ റെക്കോർഡ് സ്വയമേവ റദ്ദാക്കുന്നതിന് കാരണമാകും.
കുടിയേറ്റ നയങ്ങൾ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുന്ന സമയത്താണ് ഈ മുന്നറിയിപ്പ് വരുന്നത്. ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടികൾ സ്വീകരിച്ച സമയത്ത്, വിസ സങ്കീർണതകൾ ഉണ്ടാകുമെന്നോ അല്ലെങ്കിൽ വീണ്ടും പ്രവേശനം നിഷേധിക്കപ്പെടുമെന്നോ ഭയന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികൾ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കാൻ നിരവധി യുഎസ് കോളേജുകൾ നേരത്തെ ഉപദേശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
