

ചെന്നൈ: അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസിലെ ( Anna University sexual assault case) പ്രതി എ ജ്ഞാനശേഖരന്‍ കുറ്റക്കാരനെന്ന് മഹിളാ കോടതി. പ്രോസിക്യൂഷന്‍ സംശയാതീതമായി കേസ് തെളിയിച്ചെന്ന് കോടതി വ്യക്തമാക്കി. ജൂണ്‍ 2ന് മഹിളാ കോടതി ജഡ്ജി കേസില്‍ വിധി പറയും. പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
11 കുറ്റകൃത്യങ്ങളാണ് ജ്ഞാനശേഖരനെതിരെ ചുമത്തിയിട്ടുള്ളത്. എല്ലാ കുറ്റങ്ങളും ഫോറന്‍സിക് തെളിവുകളുടേയും ഡോക്യുമെന്റുകളുടേയും അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്ന് അവകാശപ്പെട്ട് ജ്ഞാനശേഖരന്‍ ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചു.
കോട്ടൂര്‍ സ്വദേശിയായ ജ്ഞാനശേഖരന്‍ ക്യാംപസിനടുത്ത് ബിരിയാണി കട നടത്തിയിരുന്നു. ഇയാള്‍ സര്‍വകലാശാലാ പരിസരത്ത് അതിക്രമിച്ച് കയറി ആളൊഴിഞ്ഞ സ്ഥലത്ത് ഒരു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ പുരുഷ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഇരുവരെയും ബ്ലാക്ക് മെയില്‍ ചെയ്തെന്നും പൊലീസ് പറയുന്നു.
2024 ഡിസംബര്‍ 23ന് കോട്ടൂര്‍പുരത്തെ വനിതാ പൊലീസ് സ്റ്റേഷനില്‍ ഇരയായ പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് വെളിച്ചത്ത് വന്നത്. തുടര്‍ന്ന് ജ്ഞാനശേഖരനെ അറസ്റ്റ് ചെയ്തു. കേസിന്റെ എഫ്‌ഐആര്‍ തമിഴ്‌നാട് പൊലീസിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതും വിവാദങ്ങള്‍ സൃഷ്ടിച്ചു. പിന്നീട് മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറി. ഫെബ്രുവരിയില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ലൈംഗിക പീഡനം, ഐടി ആക്ട്, ബിഎന്‍എസിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവും ജ്ഞാനശേഖരനെതിരെ കുറ്റം ചുമത്തി.
ജ്ഞാനശേഖരന് സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ജ്ഞാനശേഖരന്‍ പാര്‍ട്ടി അനുഭാവിയോ പ്രവര്‍ത്തകനോ അല്ലെന്ന് വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ അവസാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates