

ചെന്നൈ: വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും, മകന്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്ന്, വന്‍ തുക വാഗ്ദാനം ചെയ്ത് ടിവികെ എംഎല്‍എമാരെ സ്വാധീനിക്കുന്നതായി വൈദ്യുതി മന്ത്രി നിര്‍മല്‍ കുമാര്‍. 60 മുതല്‍ 70 കോടി രൂപ വരെയാണ് ഓഫര്‍ ചെയ്തതെന്നും എന്നാല്‍ ഒരു ടിവികെ എംഎല്‍എപോലും ഈ പണം സ്വീകരിക്കുകയോ പാര്‍ട്ടി മാറുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ അവര്‍ ടിവികെ എംഎല്‍എമാരെ ബന്ധപ്പെടാനും അവരെ പണം കൊടുത്തു വാങ്ങാനും ശ്രമിക്കുകയാണെന്നും നിര്‍മ്മല്‍ കുമാര്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണയോടെ ഡിഎംകെയും എഐഎഡിഎംകെയും ചേര്‍ന്ന് ഒരു പൊതുസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും, മുന്നോട്ടും സമാനമായ രാഷ്ട്രീയ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ പിന്തുണയോടെ ഡിഎംകെ, എഐഎഡിഎംകെ കൂട്ടുകെട്ടില്‍ എടപ്പാടി കെ പളനിസാമിയെ മുഖ്യമന്ത്രിയാക്കി ഒരു പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അവരുടെ അന്തിമ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ഈ ആരോപണങ്ങള്‍ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നീ പാര്‍ട്ടികള്‍ നിഷേധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെയുടെ ആറ് എംഎല്‍എമാര്‍ രാജി വെച്ച് ടിവികെയില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടി, ഭരണകക്ഷി കുതിരക്കച്ചവടത്തിലൂടെയാണ് നിലനില്‍ക്കുന്നതെന്ന് ഡിഎംകെ തിരിച്ചടിച്ചു.
വിജയ് സര്‍ക്കാറിനെതിരെ താഴെയിറക്കാന്‍ കുതിരക്കച്ചവടത്തിന് ശ്രമിച്ച എട്ടു പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്പീക്കര്‍ക്കെതിരെയുള്ള പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ 35 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ടിവികെ എംഎല്‍എ എന്‍ ഇളയരാജയുടെ പരാതിയിലായിരുന്നു നടപടി. ഈ കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിഎംകെ മന്ത്രി വി സെന്തില്‍ ബാലാജിയുടെ സഹോദരനെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates