

പൂനെ: യുദ്ധം കാല്‍പ്പനികമോ, ബോളിവുഡ് സിനിമയോ ഒന്നുമല്ലെന്ന് കരസേനാ മുന്‍ മേധാവി. ഇന്ത്യ- പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ വിമര്‍ശിക്കുന്നതിന് മറുപടിയായിട്ടായിരുന്നു കരസേനാ മുന്‍ മേധാവി ജനറല്‍ എം എം നാരാവനെ ഇങ്ങനെ പറഞ്ഞത്. പാകിസ്ഥാനെതിരായ സൈനിക നടപടി നിര്‍ത്തിവെച്ചതിനെതിരെ ഉയരുന്ന അഭിപ്രായപ്രകടനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.
ഉത്തരവിട്ടാല്‍ യുദ്ധത്തിന് പോകും. എന്നാല്‍ നയതന്ത്രത്തിനാണ് താന്‍ പ്രധാന പരിഗണന നല്‍കുന്നതെന്ന് ജനറല്‍ നാരാവനെ പൂനെയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. പാകിസ്ഥാനിലെ ഭീകരക്യാംപുകള്‍ ആക്രമിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കം കഴിഞ്ഞുപോയത് പ്രക്ഷുബ്ധമായ ആഴ്ചയായിരുന്നുവെന്ന് ജനറല്‍ നാരാവനെ കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ സൈനിക നടപടികള്‍ അവസാനിപ്പിച്ചു. ഇത് സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കല്‍ മാത്രമാണ്, ഒരു വെടിനിര്‍ത്തല്‍ അല്ല. വരും ദിവസങ്ങളിലും ആഴ്ചകളിലും കാര്യങ്ങള്‍ എങ്ങനെ വികസിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ജനറല്‍ നാരാവനെ പറഞ്ഞു.
സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത് ഉചിതമായ നടപടിയാണോയെന്ന് നിരവധിപേര്‍ ചോദിക്കുന്നുണ്ട്. 'വസ്തുതകളും കണക്കുകളും, പ്രത്യേകിച്ച് യുദ്ധച്ചെലവും കണക്കിലെടുക്കുകയാണെങ്കില്‍, നഷ്ടങ്ങള്‍ വളരെ വലുതോ പരിഹരിക്കാനാവാത്തതോ ആകുന്നതിന് മുമ്പ് ഒരു ജ്ഞാനിയായ വ്യക്തി ആ തീരുമാനം എടുക്കും.' ജനറല്‍ നാരാവനെ അഭിപ്രായപ്പെട്ടു.
ഭീകര ക്യാംപുകള്‍ മാത്രമല്ല, പാകിസ്ഥാനിലെ വ്യോമ താവളങ്ങള്‍ വരെ ഇന്ത്യ ആക്രമിച്ചതിലൂടെ, ഭീകരരെ പിന്തുണയ്ക്കുന്ന സമീപനം വളരെ സാമ്പത്തികഭാരം വരുത്തിവെക്കുന്നതാണെന്ന് അവര്‍ക്ക് ബോധ്യമായിട്ടുണ്ടാകുമെന്നാണ് താന്‍ വിചാരിക്കുന്നത്. അതാണ് പാകിസ്ഥാന്റെ ഡിജിഎംഒയെ വെടിനിര്‍ത്തലിന് ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചത്.
യുദ്ധത്തില്‍ മറ്റൊരു സാമൂഹിക വശം കൂടിയുണ്ട്. അതിര്‍ത്തി മേഖലകളില്‍ ഷെല്ലാക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന കുട്ടികള്‍, അല്ലെങ്കില്‍ മാതാപിതാക്കള്‍ നഷ്ടമാകുന്നവര്‍, ഇവരെആരും കണക്കിലെടുക്കുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ ആഘാതം തലമുറകളോളം നീണ്ടു നില്‍ക്കുമെന്നും ജനറല്‍ നാരാവനെ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates