

ലഖ്‌നൗ: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റി എട്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര. ചോദ്യം ചെയ്യലിനോട് ആശിഷ് സഹകരിച്ചിരുന്നില്ലെന്നും പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് നല്‍കിയതെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം നടന്ന സമയത്ത് താന്‍ ഗുസ്തി മത്സരം കാണാന്‍ പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് ആദ്യം പറഞ്ഞത്. എന്നാല്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍, ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെയുള്ള സമയത്ത് ആശിഷ് ഇവിടെയില്ലായിരുന്നുവെന്ന് വ്യക്തമാക്കി. മറ്റു കാണികളും ഇയാളെ കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്.
ഇതിന് പിന്നാലെ താന്‍ റൈസ് മില്ലിലായിരുന്നു എന്ന് ആശിഷ് പറഞ്ഞു. എന്നാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന്, ആശിഷ് ഈ സമയം ലഖിംപുര്‍ ഖേരിയില്‍ ഉണ്ടായിരുന്നതായി വ്യക്തമായി. റൈസ് മില്‍ സംഭവം നടന്ന സ്ഥലത്തിന് അടുത്തായത് കൊണ്ടാണ് ടവര്‍ ലൊക്കേഷന്‍ അങ്ങനെ കാണിക്കുന്നത് എന്നായിരുന്നു ആശിഷിന്റെ വിശദീകരണമെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആശിഷിനെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കോടതി നാളെ പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates