

ന്യൂഡല്‍ഹി: ബംഗാളിലെ എസ്ഐആര്‍ നടപടികളെ ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ അഭിഭാഷകക്കുപ്പായം അണിഞ്ഞ് സുപ്രീംകോടതിയില്‍ നേരിട്ടെത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് മമത തന്റെ വാദങ്ങള്‍ ഉന്നയിച്ചത്. തനിക്ക് വാദിക്കാന്‍ 5 മിനിറ്റ് സമയം വേണമെന്ന് മമത ആവശ്യപ്പെട്ടു. മമതയുടെ ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചു. ബെഞ്ചിന് മുന്നില്‍ 15 മിനിറ്റ് സംസാരിക്കാന്‍ അനുവദിക്കുകയുംചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് വാദത്തിനിടെ മമത ഉയര്‍ത്തിയത്. തെഞ്ഞെടുപ്പ് കമ്മീഷന്‍ തന്റെ അഭ്യര്‍ഥനകളെല്ലാം അവഗണിച്ചെന്നും അവര്‍ ആരോപിച്ചു. 'ഞങ്ങള്‍ക്ക് എവിടെയും നീതി ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണവുമായി(എസ്ഐആര്‍) ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ ഞാന്‍ ആറുതവണ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. പക്ഷേ, ഇപ്പോഴും ഒരു മറുപടിയും ലഭിച്ചിട്ടില്ല', മമത പറഞ്ഞു. നീതി അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ കരയുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെന്നും മമത പറഞ്ഞു.
മമതയുടെ ഹര്‍ജി ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും ഉറപ്പുനല്‍കി. മമതയുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ ഇനി തിങ്കളാഴ്ച വീണ്ടും വാദംകേള്‍ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates