പശ്ചിമ ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' എന്നാക്കും; ഡിസംബർ ഒൻപതിന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അനിയന്ത്രിതമായ ഗോവധം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
Suvendu Adhikari
സുവേന്ദു അധികാരിFile Photo
Updated on: 
1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് പശ്ചിം ബംഗ എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം ഡിസംബർ ഒൻപതിന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പേരുമാറ്റ നിർദ്ദേശത്തിന് അംഗീകാരം നൽകി. നിയമസഭ പ്രമേയം പാസാക്കിയ ശേഷം കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡിസംബർ നാല് മുതൽ 14 വരെയാണ് പശ്ചിമ ബംഗാൾ നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്നത്. "പശ്ചിമ ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' എന്നാക്കി മാറ്റാനുള്ള നിർദ്ദേശം ഡിസംബർ ഒൻപതിന് സഭയിൽ വെക്കും," യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2018-ൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള മുൻ തൃണമൂൽ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ പേര് 'ബംഗ്ലാ' എന്നാക്കി മാറ്റാൻ നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പേരുമാറ്റ നീക്കം.

നിയമസഭാ സമ്മേളനത്തിൽ എട്ട് ബില്ലുകൾ

വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ എട്ട് ബില്ലുകൾ സർക്കാർ അവതരിപ്പിക്കുമെന്നും സുവേന്ദു അധികാരി അറിയിച്ചു. വ്യാപാരികൾക്ക് താൽപ്പര്യമുണ്ടെങ്കിൽ കടകൾ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകുന്നതാണ് ഇതിൽ പ്രധാനപ്പെട്ട ഒരു ബിൽ.

സുഭാഷ് ചന്ദ്രബോസ് സേവാ കേന്ദ്രങ്ങളുടെ ഓഫീസ് ചെലവുകൾക്കായി 30,000 രൂപ അനുവദിക്കുന്നതിനും മുൻ എംഎൽഎമാരുടെ ചികിത്സാ അലവൻസ് 6,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തുന്നതിനുമുള്ള ബില്ലും പാർലമെന്ററികാര്യ വകുപ്പ് അവതരിപ്പിക്കും. ജനങ്ങൾക്ക് തങ്ങളുടെ പരാതികളും ആവലാതികളും പരിഹാരത്തിനായി എം.എൽ.എ.മാരുടെ മുന്നിലെത്തിക്കാൻ സഹായിക്കുന്ന പൊതുസേവന കേന്ദ്രമാണ് സുഭാഷ് ചന്ദ്രബോസ് സേവാ കേന്ദ്രം.

അനിയന്ത്രിതമായ ഗോവധം അനുവദിക്കില്ല

സംസ്ഥാനത്ത് അനിയന്ത്രിതമായ ഗോവധം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഇതിനെതിരെയുള്ള നിലവിലെ നിയമവ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നതിനായി പുതിയ ബിൽ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റായ നബന്നയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "സംസ്ഥാനത്ത് ഗോമാതാവിനെ കശാപ്പ് ചെയ്യാൻ ഞാൻ അനുവദിക്കില്ല. ഞങ്ങളുടെ മന്ത്രിസഭാ തീരുമാനത്തെ നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ വ്യാഖ്യാനിക്കാം," സുവേന്ദു അധികാരി പറഞ്ഞു.

Summary

West Bengal Chief Minister Suvendu Adhikari announced that the state government will table a resolution in the Assembly on December 9 to rename the state as 'Paschim Banga', alongside introducing eight bills including stricter legislation against indiscriminate cow slaughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER