

തനിക്ക് നേരെ ഉണ്ടായ ആക്രമണത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന്‍ സെയ്ഫ് അലി ഖാന്‍. ഡല്‍ഹി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
കരീന ഡിന്നറിന് പുറത്ത് പോയിരുന്നു. രാവിലെ ചില ജോലികളുള്ളതിനാല്‍ ഞാന്‍ വീട്ടില്‍ തന്നെയിരുന്നു. അവള്‍ തിരികെ വന്ന ശേഷം ഞങ്ങള്‍ കുറച്ച് നേരം സംസാരിച്ചു, പിന്നെ ഉറങ്ങാന്‍ കിടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ വീട്ടിലെ ജോലിക്കാരി ഓടി വന്ന് വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറിയെന്നു പറഞ്ഞ് നിലവിളിച്ചു. അയാള്‍ ജേയുടെ മുറിയില്‍ ഉണ്ടെന്നും കയ്യില്‍ കത്തിയുണ്ടെന്നും പണം ചോദിക്കുകയാണെന്നും പറഞ്ഞു. അപ്പോള്‍ സമയം രണ്ട് മണിയായിട്ടുണ്ടാകും. സമയം ചിലപ്പോള്‍ കൃത്യമാകണമെന്നില്ല. ഏറെ വൈകിയിരുന്നു.
ആകെ പകച്ചുപോയി, പെട്ടെന്ന് ഓടി അവിടെ ചെന്നു. അവിടെ ഒരാള്‍ ജേയുടെ കട്ടിലിന്റെ അടുത്തായി നില്‍ക്കുന്നുണ്ട്. അയാളുടെ കയ്യില്‍ എന്തോ ഉണ്ട്. ഞാന്‍ കരുതിയത് വടിയാണെന്നാണ്. പക്ഷേ അതൊരു ഹാക്‌സോ ബ്ലേഡ് ആയിരുന്നു. അയാള്‍ മുഖം മൂടി ധരിച്ചിരുന്നു. അയാളെ കടന്നു പിടിച്ച് ഞാന്‍ താഴെയിട്ടു. മല്‍പ്പിടുത്തമായി. ഈ സമയം അയാള്‍ എന്റെ മുതുകില്‍ ആവുന്നത്ര ശക്തിയായി ഇടിച്ചുകൊണ്ടിരുന്നു. പക്ഷേ അത് കത്തിവച്ചായിരുന്നുവെന്ന് അപ്പോള്‍ അറിഞ്ഞില്ല.
കത്തിവച്ചാണ് അയാള്‍ കുത്തിയതെങ്കിലും കാര്യമായി വേദന എന്നില്‍ ഉണ്ടായില്ലെന്നു പറയാം. ആ സംഭവത്തിലെ ഞെട്ടലും അഡ്രിനാലിന്‍ റഷും കൊണ്ടാകാം വേദന അനുഭവപ്പെടാതിരുന്നത്. പിന്നെ അയാള്‍ എന്റെ കഴുത്തില്‍ കുത്തി. ഞാന്‍ കൈ കൊണ്ട് തടഞ്ഞു. അതുകൊണ്ടാവാം കൈയിലും കൈപ്പത്തിയിലും റിസ്റ്റിലും മുറിവേറ്റു. രണ്ട് കൈ ഉപയോഗിച്ചും അയാള്‍ കുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കൂടുതലും ഞാന്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. കുറേ നേരം ഫൈറ്റ് ചെയ്തു. പക്ഷേ പിന്നെ എനിക്ക് നേരിടാന്‍ പറ്റാതായി. അയാളുടെ കയ്യില്‍ രണ്ട് കത്തി ഉണ്ടായിരുന്നു. എന്റെ കയ്യില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴേക്കും എന്റെ ജോലിക്കാരി അവനെ എന്നില്‍ നിന്നും പിടിച്ചു മാറ്റി. അവനെ മുറിയില്‍ നിന്നും പുറത്ത് തള്ളി വാതില്‍ അടച്ചു.
അപ്പോഴേക്കും ഞാന്‍ രക്തത്തില്‍ കുളിച്ചിരുന്നു. എന്റെ വലത് കാലിനു ചലനമില്ലാതായി. നട്ടെല്ലിന് കുത്തേറ്റതിനാലായിരുന്നു അത്. പക്ഷെ അപ്പോഴത് മനസിലായില്ല. കാലിന് കുത്തേറ്റുവെന്നാണ് കരുതിയത്. പിന്നെ താഴേക്കു വന്ന് പൊരുതാന്‍ ആയുധമെന്തെങ്കിലും ഉണ്ടോ എന്നു നോക്കി.
ഈ സമയത്തിനുള്ളില്‍ കരീന ജേയെ അവിടെ നിന്നും എടുത്ത് തൈമുറിന്റെ മുറിയിലേക്ക് മാറ്റി. അക്രമിയുമായി പൊരുതുന്നതിനിടെ ജേയെ ഗീതയാണ് എടുത്തു മാറ്റിയത്. കുട്ടിയെ എടുക്കൂ എന്നു പറഞ്ഞ് കരീന നിലവിളിക്കുന്നത് ഇപ്പോഴും ഓര്‍ക്കുന്നു. ആ സമയത്ത് ജേ ഉറങ്ങുകയായിരുന്നു. ഈ ബഹളമൊക്കെ കേട്ട് അവന്‍ എഴുന്നേറ്റു. പക്ഷേ എന്തൊക്കെ കണ്ടെന്ന് അറിയില്ല, കാരണം ഞാനപ്പോള്‍ നല്ല തിരക്കിലായിരുന്നല്ലോ (സെയ്ഫ് ചിരിക്കുന്നു).
അക്രമിയെ പൂട്ടിയ ശേഷം ഗീത പുറത്തു നിന്നും വാതില്‍ അടച്ചുപിടിച്ചിരുന്നു. അതിനാല്‍ അയാള്‍ അകത്ത് കുടുങ്ങിയെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ അയാള്‍ വന്ന വഴി തന്നെ രക്ഷപ്പെട്ടു. കുട്ടികളുടെ മുറിയിലേക്ക് എത്തുന്നൊരു ഡ്രെയ്നേജ് പൈപ്പ് വഴിയാണ് അയാള്‍ അകത്ത് കടന്നതും രക്ഷപ്പെട്ടതും. വീട് മുഴുവന്‍ പരിശോധിച്ചിട്ടും അയാളെ കണ്ടെത്താനായില്ല. രക്തത്തില്‍ കുളിച്ചിരുന്ന ഞാന്‍ ചുമരില്‍ അലങ്കാരത്തിനായി വെച്ചിരുന്ന രണ്ട് വാളും കൈയിലെടുത്ത് സിനിമാ സ്‌റ്റൈലില്‍ ഓടി നടന്നു.
അപ്പോഴാണ് തൈമുര്‍ എന്നെ കാണുന്നത്. ജോലിക്കാരനായ ഹരിയുടെ രണ്ട് കയ്യിലും വാളുണ്ട്. അക്രമിയെ പിടിക്കണ'മെന്ന് പറഞ്ഞപ്പോള്‍, ആദ്യം പുറത്ത് കടക്കാം എന്ന് കരീന പറഞ്ഞു. ജേയെ പുറത്ത് എത്തിക്കണം. നിങ്ങളെ ആശുപത്രിയിലെത്തിക്കണം. ഒരുപക്ഷേ അയാള് ഇപ്പോഴും അകത്തു തന്നെ കാണാം, ഒന്നിലധികം ആളുകളുണ്ടാകാനും സാധ്യതയുണ്ടെന്നും കരീന പറഞ്ഞു. അതോടെ ഞങ്ങള്‍ താഴേക്കു വന്നു. കരീന ഓട്ടോയോ കാറോ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി അലറി വിളിക്കുകയായിരുന്നു. ഫോണിലും ആരെയും കിട്ടിയില്ല. അപ്പോഴേക്കും എനിക്ക് വേദന അറിഞ്ഞു തുടങ്ങിയിരുന്നു.
ആശുപത്രിയിലേക്ക് സെയ്ഫിനൊപ്പം മകന്‍ തൈമുറും ജോലിക്കാരന്‍ ഹരിയുമായിരുന്നു പോയത്. ആ സമയത്ത് വീട്ടില്‍ ഡ്രൈവര്‍മാര്‍ ആരും ഇല്ലാതിരുന്നതിനാലാണ് ഓട്ടോയില്‍ പോയതെന്നും സെയ്ഫ് പറയുന്നുണ്ട്. ഇത്രയൊക്കെ നടന്നിട്ടും തൈമുര്‍ പേടിച്ചില്ലെന്നും അച്ഛനൊപ്പം താന്‍ ആശുപത്രിയില്‍ പോകുമെന്ന് പറഞ്ഞുവെന്നും സെയ്ഫ് പറയുന്നു. നിങ്ങള്‍ മരിക്കാന്‍ പോവുകയാണോ? എന്ന് തൈമുര്‍ ചോദിച്ചു. ഇല്ല എന്ന് താന്‍ അവന് മറുപടി നല്‍കിയെന്നും സെയ്ഫ് പറയുന്നു. തങ്ങള്‍ ആശുപത്രിയിലേക്ക് പോയപ്പോള്‍ കരീന ജേയെ സഹോദരി കരിഷ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് സെയ്ഫ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates