

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാര്‍ഥി പ്രക്ഷോഭം തുടരുകയാണ്. പരീക്ഷാ ക്രമക്കേടില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ ബുദ്ധികേന്ദ്രമായി ആരാണ് പ്രവര്‍ത്തിച്ചതെന്ന ചോദ്യമാണ് എല്ലാവരുടേയും മനസില്‍. സഞ്ജീവ് മുഖിയ എന്ന ബിഹാര്‍ സ്വദേശിയിലേക്കാണ് അന്വേഷ ഉദ്യോഗസ്ഥര്‍ എത്തി നില്‍ക്കുന്നത്. പരീക്ഷാത്തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന സോള്‍വര്‍ ഗ്യാങും സഞ്ജീവ് മുഖിയയും തമ്മിലുള്ള ബന്ധമെന്ത്?സഞ്ജീവ് മുഖിയയുടെ മുന്‍കാല ചരിത്രം നെറ്റി ചുളിക്കത്തക്കത്ത കാര്യങ്ങളാണ് ഉള്ളതെന്ന് തെളിയുന്ന തരത്തിലാണ് കാര്യങ്ങള്‍.
രണ്ട് പതിറ്റാണ്ട് നീളുന്ന തട്ടിപ്പിന്‍റെ സൂത്രധാരന്‍
്
ബിഹാറിലെ നളന്ദ സ്വദേശിയാണ് സഞ്ജീവ് സിങ് എന്ന പേരില്‍ കൂടി അറിയപ്പെടുന്ന സഞ്ജീവ് മുഖിയ. ഇത്തരം തട്ടിപ്പുകള്‍ ആദ്യമായല്ല സഞ്ജീവ് നടത്തുന്നത്. പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട സഞ്ജീവിന്റെ പങ്കിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. നളന്ദ കോളജില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായിരുന്ന സഞ്ജീവിന് 2016 ലെ കുപ്രസിദ്ധ ബിഹാര്‍ പിഎസ്‌സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ നിരവധി ക്രമക്കേടുമായി ബന്ധമുണ്ട്. കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷയുടെ പേപ്പറാണ് അന്ന് ചോര്‍ന്നത്.
കോണ്‍സ്റ്റബിള്‍ പരീക്ഷ മുതല്‍ അധ്യാപക യോഗ്യതാ പരീക്ഷയില്‍ വരെ ക്രമക്കേട് നടത്തുന്ന ശൃംഖലയുടെ സാന്നിധ്യം വിവിധ സംസ്ഥാനങ്ങളിലുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരീക്ഷാത്തട്ടിപ്പുകളുടെ ഒരു വലിയ ചരിത്രം തന്നെ ഇയാള്‍ക്കുണ്ട്. ഇത്തരം വലിയ തട്ടിപ്പ് നടത്തിയതിന്റെ ശക്തമായ തെളിവുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.
സോള്‍വര്‍ ഗ്യാങിന്റെ തട്ടിപ്പ് രീതികളും സഞ്ജീവ് സിങും
ചോദ്യപേപ്പറുകള്‍ ചോര്‍ത്തി നല്‍കുന്ന കുപ്രസിദ്ധമായ 'സോള്‍വര്‍ ഗ്യാങ്' എന്ന സംഘത്തില്‍ രവി അത്രിക്കൊപ്പം പ്രവര്‍ത്തിക്കുകയും പിന്നീട് സംഘത്തവനുമായി മാറി സഞ്ജീവ് സിങ്. പരീക്ഷയില്‍ ആള്‍മാറാട്ടം നടത്താനും സോള്‍വര്‍ ഗ്യാങ് പ്രത്യേക പരിശീലനവും സൗകര്യവും ഒരുക്കി നല്‍കിയിരുന്നു. ഉത്തരങ്ങള്‍ സഹിതം ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കുന്നതു മുതല്‍ പരീക്ഷ എഴുതാന്‍ ആള്‍മാറാട്ടത്തിന് ആളെ ഏര്‍പ്പാടാക്കുന്നതുവരെയുള്ള ജോലികള്‍ ഈ ഗ്യാങ് ചെയ്തു കൊടുക്കും. ബിഹാറില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ കൂടി ഇവരുടെ ശൃംഖല വ്യാപിച്ചു കിടക്കുന്നു. ലുട്ട എന്ന വിളിപ്പേരിലും സഞ്ജീവ് ഖന്ന അറിയപ്പെടാറുണ്ട്.
30 മുതല്‍ 50 ലക്ഷം രൂപ വരെയാണ് സംഘം ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഇടാക്കിയതെന്ന് പൊലീസ് പറയുന്നു. പട്നയിലെ ലോഡ്ജുകളില്‍ താമസിപ്പിച്ച് ചോദ്യപേപ്പറുകള്‍ ഒറ്റരാത്രികൊണ്ട് മനഃപാഠമാക്കിപ്പിക്കും. ഇതാണ് സംഘത്തിന്റെ പതിവ് രീതി.
രഞ്ജിത്ത് ഡോണിന്റെ ശിഷ്യന്‍
രഞ്ജിത്ത് ഡോണ്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് സിങിന്റെ ശിഷ്യനാണ് ഇയാള്‍. ബിഹാറിലെ മറ്റൊരു ചോദ്യപ്പേപ്പര്‍ ചോര്‍ത്തലുകാരനാണ് രഞ്ജിത്ത് ഡോണ്‍. 2023ല്‍ ബിഹാറില്‍ നടന്ന മറ്റൊരു ചോദ്യപേപ്പര്‍ ലീക്കില്‍ രഞ്ജിത് ഡോണ്‍ കുടുങ്ങിയിരുന്നു. ഇയാള്‍ 1994ലെ എംബിബിഎസ് പരീക്ഷ പാസ്സായെന്നു കാട്ടി ജോലിയില്‍ കയറിയ ആളാണ്. പിന്നീട് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ട് രഞ്ജിത് ഡോണ്‍ പിടിയിലാവുകയായിരുന്നു. ഡോക്ടറാകാനുള്ള ശ്രമം പാളിയതോടെ രഞ്ജിത് ചോദ്യപേപ്പര്‍ തട്ടിപ്പുകളിലേക്ക് ഇറങ്ങുകയും അതില്‍ വിജയിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം സിഎടി പരീക്ഷാ പേപ്പറുകള്‍ ചോര്‍ത്തിയത് രഞ്ജിത്തായിരുന്നു. സ്വന്തം നാട്ടില്‍ വലിയ ഹീറോ പരിവേഷം ഉള്ളയാളാണ് ഇയാള്‍. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഡോണ്‍. നിരവധി യുവാക്കള്‍ക്ക് ഇയാള്‍ ജോലി വാങ്ങി നല്‍കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പൊളിറ്റിക്കല്‍ ബന്ധവും 'വ്യക്തിപ്രഭാവവും'
കേസില്‍ പൊലീസ് സംശയിക്കുന്ന ആളാണെങ്കിലും സ്വന്തം നാട്ടില്‍ അന്വേഷിക്കുമ്പോള്‍ സാധാരണ ഒരു കര്‍ഷകനാണ് ഇയാളെന്ന് മാത്രമാണ് പൊലീസിന് ലഭിക്കുന്ന വിവരം. നാട്ടുകാര്‍ക്കും ഇയാളെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല. മോശമായ പ്രവൃത്തികള്‍ ഒന്നും ചെയ്തതായി നാട്ടുകാരും പറയുന്നില്ല. ചാദ്യപേപ്പര്‍ ചോര്‍ച്ചയുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി മിക്കവര്‍ക്കും അറിയില്ല. സഞ്ജീവിന്റെ ഭാര്യ മംമ്താ ദേവി ഭുതഖറിലെ പഞ്ചായത്ത് മുഖ്യയാണ്. ലോക് ജനശക്തി പാര്‍ട്ടി നേതാവാണ് ഇവര്‍. സഞ്ജീവിന്റെ മകന്‍ ശിവകുമാര്‍ ബിഹാറിലെ അധ്യാപക യോഗ്യതാ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിലെ പങ്ക്
നീറ്റ് പരീക്ഷയില്‍ അറുപതിലേറെ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതാണ് സംശയങ്ങള്‍ക്ക് തുടക്കമായത്.
വിദ്യാര്‍ഥികളും രക്ഷിതാക്കളും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്നായിരുന്നു എന്‍ടിഎയുടെ വിശദീകരണം. എന്നാല്‍ ബിഹാര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചോദ്യപേപ്പര്‍ പരീക്ഷയുടെ തലേദിവസം തന്നെ ചില വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതായി കണ്ടെത്തുകയായിരുന്നു.
പേര് വെളിപ്പെടുത്താത്ത ഒരു പ്രൊഫസറില്‍നിന്ന് മൊബൈല്‍ ഫോണ്‍ വഴിയാണ് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ ലഭിച്ചത്. പൊലീസ് അന്വേഷണത്തില്‍ അവസാനം എത്തി നില്‍ക്കുന്നത് സഞ്ജീവ് മുഖിയയിലാണ്. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഇയാള്‍ നേപ്പാളിലേക്ക് കടന്നതായാണ് വിവരം. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേരാണ് ബിഹാറില്‍ അറസ്റ്റിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates