

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ്‌യുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍, അതില്‍ ഏറെ ശ്രദ്ധേയമായ വ്യക്തിയായിരുന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എസ് കീര്‍ത്തന. വിജയ് സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് 29 കാരിയായ കീര്‍ത്തന. ആദ്യമായി എം.എല്‍.എ ആയ കീര്‍ത്തന, ഒരു പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റില്‍ (രാഷ്ട്രീയ തന്ത്രജ്ഞ) നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകയായി മാറിയ വ്യക്തിയാണ്.
പടക്ക, തീപ്പെട്ടി, അച്ചടി വ്യവസായങ്ങള്‍ക്ക് പേരുകേട്ട, ശിവകാശി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതാ എംഎല്‍എ എന്ന ചരിത്രനേട്ടം കൂടി കീര്‍ത്തനയ്ക്കുണ്ട്. ഈ മണ്ഡലത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പുരുഷാധിപത്യത്തിന് അറുതി വരുത്തിക്കൊണ്ടാണ് കീര്‍ത്തന വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോകന്‍ ജിയെ 11,670 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കീര്‍ത്തന പരാജയപ്പെടുത്തിയത്.
1996ല്‍ വിരുതുനഗര്‍ ജില്ലയില്‍ ജനിച്ച കീര്‍ത്തന തമിഴ് മീഡിയം സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. മധുരൈ കാമരാജ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിഎസ്‌സി ബിരുദവും, പിന്നീട് 2019-ല്‍ പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സില്‍ എംഎസ്‌സി ബിരുദവും നേടി. സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കീര്‍ത്തന പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്റായും ക്യാംപയിന്‍ സ്ട്രാറ്റജിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
'ഷോ ടൈം കണ്‍സള്‍ട്ടിംഗ്' (Showtime Consulting), ഐപാക് (I-PAC) തുടങ്ങിയ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള കീര്‍ത്തന ടിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പങ്കാളിയായിട്ടുണ്ട്. വര്‍ഷങ്ങളായി താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍, മണ്ഡലങ്ങളിലെ ആസൂത്രണം, ഡിജിറ്റല്‍ ക്യാമ്പയിന്‍ മാനേജ്മെന്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ടിവികെ പാര്‍ട്ടിയുടെ രൂപീകരണ കാലത്ത്, യുവാക്കളെ സംഘടിപ്പിക്കുന്നതിലും സോഷ്യല്‍ മീഡിയ ആശയവിനിമയത്തിലും കീര്‍ത്തന അണിയറയില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, പാര്‍ട്ടിയുടെ യുവത്വവും വിദ്യാഭ്യാസവുമുള്ള സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിട്ടാണ് കീര്‍ത്തനയെ ഉയര്‍ത്തിക്കാട്ടിയത്. ചരിത്രപരമായി തമിഴ്നാട്ടില്‍ ഹിന്ദി ഒരു രാഷ്ട്രീയ സെന്‍സിറ്റീവ് വിഷയമാകുമ്പോള്‍, പൊതുവേദികളില്‍ ഹിന്ദിയില്‍ സംസാരിച്ച കീര്‍ത്തന വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
പടക്ക, തീപ്പെട്ടി, അച്ചടി വ്യവസായങ്ങള്‍ക്ക് കേള്‍വികേട്ട, വിരുതുനഗര്‍ ജില്ലയിലുള്‍പ്പെട്ട ശിവകാശി, വ്യവസായ സുരക്ഷയെയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെയും കുറിച്ചുള്ള ആശങ്കകളാല്‍ ദീര്‍ഘകാലമായി ബുദ്ധിമുട്ടുന്നുണ്ട്. പടക്ക നിര്‍മ്മാണ മേഖലയെ വളരെയധികം ആശ്രയിച്ചു കഴിയുന്ന, അപകടസാധ്യത കൂടുതലുള്ള ഈ വ്യവസായ മേഖലയില്‍ മതിയായ അടിയന്തര സേവനങ്ങളുടെ കുറവുണ്ടെന്ന കാര്യം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കീര്‍ത്തന ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates