

മുംബൈ: വിവാഹമോചനക്കേസില്‍ ഭര്‍ത്താവിനെതിരെ ഭാര്യ ഉന്നയിച്ച ലൈംഗിക ബലഹീനത ആരോപണങ്ങള്‍ ന്യായമാണെന്നും അതിന് മാനനഷ്ടത്തിന് കേസ് നല്‍കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. ലൈംഗിക ബലഹീനത മൂലം ഭാര്യയോട് മാനസികമായി ക്രൂരത കാണിച്ചുവെന്ന് ഭാര്യ ആരോപിക്കുമ്പോള്‍ അത് പരിഗണിക്കാതിരിക്കാനാവില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.
അവഗണനയും വിസമ്മതവും കാണിക്കുന്നതിനായി ഒരു മെയിന്റന്‍സ് ഹര്‍ജിയില്‍ പോലും ഇത്തരം ആരോപണങ്ങള്‍ പ്രസക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് സമര്‍പ്പിച്ച മാനനഷ്ട പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട ഗ്രേറ്റര്‍ മുംബൈയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 2024 ഏപ്രിലിലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭാര്യയും ഭാര്യാ പിതാവും സഹോദരനും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
വിവാഹ മോചനത്തിനുള്ള അപേക്ഷയിലും ജീവനാംശത്തിനുള്ള അപേക്ഷയിലും എഫ്‌ഐആറിലും ഭാര്യ തന്റെ ലൈംഗിക ശേഷിയെക്കുറിച്ച് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. 2023 ഏപ്രിലില്‍ സിആര്‍പിസി സെക്ഷന്‍ 203 പ്രകാരം ഭര്‍ത്താവിന്റെ പരാതി മജിസ്‌ട്രേറ്റ് തള്ളിക്കളഞ്ഞു.
പരാതിക്കാരന് സാക്ഷികളെ വിസ്തരിക്കാനുള്ള അവസരം നല്‍കിയിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ട് കേസ് പുനഃപരിശോധിക്കാനും അന്വേഷണം നടത്താനും സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഇതിനെ ചോദ്യം ചെയ്താണ് ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആരോപണങ്ങള്‍ അനാവശ്യമാണെന്നും വിശ്വാസമില്ലായ്മയാണ് ഭാര്യ ഉന്നയിച്ചതെന്നും പൊതുരേഖയുടെ ഭാഗമായാല്‍ മാനനഷ്ടത്തിന് കാരണമാകുമെന്നും ഭര്‍ത്താവ് വാദിച്ചു. എന്നാല്‍ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഭാര്യയുടെ ഹര്‍ജി അംഗീകരിക്കുകയാണ് ഹൈക്കോടതി ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates