

ഭോപ്പാല്‍: വിവാഹ ജീവിതത്തില്‍ ഭാര്യയുടെ ക്ഷമയും മൗനവും ബലഹീനതയാണെന്ന് പറയാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ദാമ്പത്യ ജീവിതം രക്ഷിക്കുക എന്ന ഉദ്ദേശം മാത്രമാണിലുള്ളതെന്നും ദാമ്പത്യ ജീവിതത്തോടുള്ള അവളുടെ ആത്മാര്‍ഥതയാണ് അതില്‍ നിഴലിക്കുന്നതെന്നും കോടതി പറഞ്ഞു. അനുരഞ്ജനം സാധ്യമല്ലാത്ത ഒരു ഘട്ടത്തിലാണ് ഭര്‍തൃവീട്ടുകാരെന്ന് ബോധ്യപ്പെട്ടാല്‍ തനിക്ക് നേരിട്ട ക്രൂരതയെക്കുറിച്ച് ഭാര്യക്ക് പരാതി നല്‍കാം. അങ്ങനെ പരാതി നല്‍കുമ്പോള്‍ ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജിക്ക് പകരംവീട്ടലാണെന്ന് പറയാനാകില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
ഭാര്യ നല്‍കിയ പരാതിയെ ചോദ്യം ചെയ്തുകൊണ്ട് ഭര്‍ത്താവും ബന്ധുക്കളും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം. 2015ലാണ് ഇരുവരും തമ്മിലുള്ള വിവാഹം. 11 ലക്ഷം രൂപയും വീട്ടുപകരണങ്ങളും യുവതിയുടെ പിതാവ് നല്‍കിയെന്നാണ് യുവതി നല്‍കിയ പരാതിയിലുള്ളത്. എന്നാല്‍ മകളുടെ ജനനത്തിന് ശേഷം സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ കൂടി ഭര്‍ത്താവും വീട്ടുകാരും ആവശ്യപ്പെട്ടുവെന്നും അത് നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ തന്നെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.
അനുരഞ്ജനത്തിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതിപ്പെടാന്‍ തയ്യാറായതെന്നും യുവതി പറയുന്നു. എന്നാല്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് ഹര്‍ജി നല്‍കിതയതിന്റെ വൈരാഗ്യത്തിലാണ് ഭാര്യ പരാതി നല്‍കിയതെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഭാര്യ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനേയും വീട്ടുകാരേയും വിചാരണ ചെയ്യേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates