

ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പരോക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുടെ താത്പര്യമാണ് രാജ്യത്തിന് പ്രധാനമെന്നും അതിനായി വലിയ വില നല്‍കേണ്ടിവന്നാലും കര്‍ഷകരുടെ താത്പര്യം ഉയര്‍ത്തുന്നതില്‍ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'കര്‍ഷകരുടെ താല്‍പ്പര്യമാണ് ഞങ്ങളുടെ മുന്‍ഗണന. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അറിയാം, എന്നാല്‍ അതിന് രാജ്യം തയ്യാറാണ്. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താത്പര്യം സംരക്ഷിക്കാന്‍ വ്യക്തിപരമായി എന്തുവിലയും നല്‍കാന്‍ തയ്യാറാണ്,' ട്രംപ് താരിഫുകള്‍ ഉയര്‍ത്തിയതിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
ഹരിത വിപ്ലവത്തിന്റെ ശില്‍പിയായ എംഎസ് സ്വാമിനാഥന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, 'ഭക്ഷ്യസുരക്ഷയുടെ പാരമ്പര്യത്തില്‍ കെട്ടിപ്പടുക്കുക, നമ്മുടെ കാര്‍ഷിക ശാസ്ത്രജ്ഞരുടെ അടുത്ത അതിര്‍ത്തി എല്ലാവര്‍ക്കും പോഷകാഹാര സുരക്ഷ ഉറപ്പാക്കുക എന്നതാണ്.' ഇന്ത്യ യുഎസിലേക്ക് വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു, ട്രംപിന്റെ താരിഫുകളുടെ ആഘാതം വഹിക്കാന്‍ പോകുന്ന മേഖലകളില്‍ ഒന്നാണിത്.
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് 25 ശതമാനം അധിക താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നടപടി 'അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. താരിഫ് കൂട്ടിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ താരിഫ് ഇതോടെ 50 ശതമാനമായി ഉയരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
