

കൊൽക്കത്ത: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച ബാബുൾ സുപ്രിയോ തീരുമാനം തിരുത്തി. മോദി മന്ത്രിസഭയുടെ പുനഃസംഘടനയിൽ മന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെയായിരുന്നു രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. എംപി സ്ഥാനം രാജിവെയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ താൻ എംപിയായി തുടരുമെന്ന് അദ്ദേഹം ഇന്ന് വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള ബിജെപി എംപിയാണ് ബാബുൾ സുപ്രിയോ. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവേയാണ് എംപി സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനത്തിൽ മാറ്റം വന്നത്.
'എംപി എന്ന നിലയിൽ ഞാൻ ഭരണഘടനാപരമായി അസൻസോളിൽ പ്രവർത്തിക്കുന്നത് തുടരും. ഭരണഘടനാ പദവിക്ക് അപ്പുറം രാഷ്ട്രീയമുണ്ട്, ഞാൻ അതിൽ നിന്ന് പിന്മാറുന്നു. ഞാൻ മറ്റൊരു പാർട്ടിയിലും ചേരില്ല. ഡൽഹിയിലെ എംപി ബംഗ്ലാവ് ഒഴിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അവരുടെ ചുമതലകളിൽ നിന്ന് ഉടൻ ഒഴിവാക്കുകയും ചെയ്യും'- ബാബുൾ സുപ്രിയോ പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഉടൻ പാർലമെന്റ് അംഗത്വം രാജിവെക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിന് തൊട്ടുപിന്നാലെ തന്നെ ബാബുൾ സുപ്രിയോ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടിയെ ഞെട്ടിപ്പിച്ചുകൊണ്ട് രാഷ്ട്രീയം ഉപകേഷിക്കുകയാണെന്ന പ്രഖ്യാപനം വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
