

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ പാര്‍പ്പിട സമുച്ചയത്തിലെ ലിഫ്റ്റില്‍ നിന്ന് എട്ട് വയസ്സുള്ള ആണ്‍കുട്ടിയെ വലിച്ചിഴച്ച് മര്‍ദ്ദിച്ച കേസില്‍ സ്ത്രീ അറസ്റ്റിൽ. ലിഫ്റ്റില്‍ വളര്‍ത്തുനായയെ കയറ്റുന്നതിനെ ഭയംകൊണ്ട് എതിര്‍ത്ത കുട്ടിയെയാണ് സ്ത്രീ വലിച്ചിഴച്ച് മര്‍ദ്ദിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ഗൗര്‍ സിറ്റി രണ്ടു സൊസൈറ്റിയിലെ 12-ാം അവന്യൂവിലെ ലിഫ്റ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന്, രോഷാകുലരായ താമസക്കാര്‍ സൊസൈറ്റിയുടെ ഗേറ്റിന് പുറത്ത് സ്ത്രീക്കെതിരെ പ്രതിഷേധം നടത്തുകയും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സ്ത്രീയെ കസ്റ്റഡിയിലെടുത്തതായും കേസില്‍ കൂടുതല്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും സെന്‍ട്രല്‍ നോയിഡ ഡിസിപി ശക്തി അവസ്തി പറഞ്ഞു.
സൊസൈറ്റിയിലെ എട്ടുവയസുള്ള ആണ്‍കുട്ടി ട്യൂഷന്‍ കഴിഞ്ഞ് തന്റെ ഫ്‌ലാറ്റിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. സ്ത്രീ തന്റെ വളര്‍ത്തുനായയുമായി ലിഫ്റ്റില്‍ കയറി. നായയെ കണ്ടപ്പോള്‍ ഭയന്ന് കൈകള്‍ കൂപ്പി സ്ത്രീയോട് നായയെ ലിഫ്റ്റില്‍ കയറ്റരുതെന്ന് അപേക്ഷിക്കാന്‍ തുടങ്ങി. എന്നാല്‍ കുപിതയായ സ്ത്രീ കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കാതെ ലിഫ്റ്റില്‍ നിന്ന് ബലമായി പുറത്തേയ്ക്ക് വലിച്ചിഴച്ചു. സ്ത്രീ കുട്ടിയെ പലതവണ അടിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിസിടിവി കാമറ പരിധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ സ്ത്രീ കുട്ടിയെ മനഃപൂര്‍വ്വം ലിഫ്റ്റില്‍ നിന്ന് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates