ഫോർട്ട് കൊച്ചി കഫേ വിവാദം; പ്രധാനമന്ത്രിയോടും അമിത് ഷായോടും പിന്തുണ തേടി യൂട്യൂബർ അമൃത് സിങ് ഡാരൻ

തന്റേത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്ന് യൂട്യൂബറുടെ വാദം
Youtuber Amrit Singh Darren
Youtuber Amrit Singh Darren
Updated on: 
1 min read

കൊച്ചി: ഫോർട്ട് കൊച്ചിയിലെ കഫേയുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയ കേസിലെ പ്രതിയായ യൂട്യൂബർ അമൃത് സിങ് ഡാരൻ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വിഡിയോ സന്ദേശമയച്ചു. സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് യൂട്യൂബർ പുതിയ വിഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. പിന്തുണയ്ക്കായി ബിജെപി നേതാക്കളെ അടക്കം സമീപിച്ചെങ്കിലും ആരും സഹായിക്കുന്നില്ലെന്നും, നേതാക്കൾ അഭിനയിക്കുകയാണെന്നും വിഡിയോയിൽ ആരോപിക്കുന്നുണ്ട്. ബിജെപി നേതാക്കളോട് വിഷയത്തിൽ ഇടപെടാൻ പറയണമെന്നാണ് മോദിയോടും അമിത് ഷായോടും ഇയാൾ ആവശ്യപ്പെടുന്നത്. വിദ്വേഷ പരാമർശത്തിൽ ഫോർട്ടുകൊച്ചി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

തന്റെ കുടുംബം ബിജെപിയെയും ആർഎസ്എസിനെയും പിന്തുണയ്ക്കുന്നവരാണെന്നും എന്നിട്ടും ആരും പിന്തുണയ്ക്കുന്നില്ലെന്നുമാണ് യൂട്യൂബറുടെ പരാതി. കേരളത്തോട് തനിക്ക് അടുപ്പവും ഇഷ്ടവുമുണ്ട്. കേരളത്തിലുള്ളവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും, തന്റേത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നുമാണ് ഇയാൾ വിഡിയോയിൽ പറയുന്നത്. താനൊരു ചോദ്യം ചോദിച്ചതിന്റെ പേരിൽ മാത്രമാണ് എഫ്ഐആർ ഇട്ടതെന്നും ഇയാൾ വാദിക്കുന്നു. ഇന്ത്യയിൽ ജിന്നയുടെ ചിത്രം എന്തിനാണെന്നും കാശി എന്ന് പേരുള്ള കഫേയിൽ എന്തിനാണ് ബീഫ് വിളമ്പുന്നതെന്നുമാണ് താൻ ചോദിച്ചതെന്നും, താനിന്ന് ഒറ്റയ്ക്കമാണെന്നും സാമ്പത്തികമായും മാനസികമായും ആരും പിന്തുണയ്ക്കുന്നില്ലെന്നും യൂട്യൂബർ പറയുന്നു.

തന്റെ അമ്മയ്ക്ക് 70 വയസ്സുണ്ടെന്നും എല്ലാ മാധ്യമങ്ങളും തന്നെ അറസ്റ്റ് ചെയ്തുവെന്നാണ് വാർത്ത കൊടുത്തത് കണ്ട് അമ്മ പേടിച്ചുവെന്നും ഇയാൾ കൂട്ടിച്ചേർത്തു. തനിക്ക് ഒന്നിനോടും ഭയമില്ലെന്നും തന്റെ കുടുംബം ആർഎസ്എസിനെയും ബിജെപിയെയും പിന്തുണയ്ക്കുന്നവരായതിനാൽ പാർട്ടിയുടെ ഭാഗത്തുനിന്ന് പിന്തുണ ആവശ്യമാണെന്നും വിഡിയോയിൽ വ്യക്തമാക്കുന്നു. ജയ് ഹിന്ദ്, ഹർ ഹർ മഹാദേവ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Summary

Youtuber Amrit Singh Daran, who faces a police case for making communal remarks regarding a cafe in Fort Kochi, has released a video message seeking support from Prime Minister Narendra Modi and Home Minister Amit Shah, complaining that local BJP leaders are not helping him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER