

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ യുംനാം ഖേംചന്ദിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.
ഒരു വര്‍ഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷമാണ് മണിപ്പൂരില്‍ മുഖ്യമന്ത്രി വരുന്നത്. രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സര്‍ക്കാര്‍ ഫെബ്രുവരി 12ന് അധികാരമേല്‍ക്കും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 9 നാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജിവച്ചത്. മെയ്‌തേയ് വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് ബിരേന്‍ സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ-പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു. 2022ല്‍ സിന്‍ഗ്ജാമെയ് മണ്ഡലത്തില്‍ നിന്നാണ് യുംനാം തെരഞ്ഞെടുക്കപ്പെട്ടത്. 2017ലും ഇതേ മണ്ഡലത്തില്‍ നിന്ന് യുംനാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂര്‍ അസംബ്ലി സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മണിപ്പൂരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന സംഘര്‍ഷ സാഹചര്യം കണക്കിലെടുത്തായിരുന്നു ബിരേന്‍ സിങിന്റെ രാജി. മേഘാലയ മുഖ്യമന്ത്രിയായ കോണ്‍റാഡ് കെ സാംഗ്മയുടെ എന്‍പിപി, ബിജെപി സര്‍ക്കാരിന് നല്‍കി വന്ന പിന്തുണ പിന്‍വലിച്ചിരുന്നു. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ ബിരേന്‍ സിങ് പൂര്‍ണപരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. മണിപ്പൂര്‍ നിയമസഭയില്‍ 37 എംഎല്‍എമാരാണ് ബിജെപിക്കുള്ള്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ചും ജെഡിയുവിന്റെ ഒരു എംഎല്‍എയും ബിജെപിയെ പിന്തുണയ്ക്കുന്നു. 16 സീറ്റുകളാണ് പ്രതിപക്ഷത്തിനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates