

ന്യൂഡല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു ശതമാനം വളര്‍ച്ച നിരക്കെന്ന് സാമ്പത്തിക സര്‍വേ. അടുത്ത വര്‍ഷം ആറു മുതല്‍ ആറര ശതമാനം വരെ വളര്‍ച്ച ഉണ്ടാവുമെന്നും സാമ്പത്തിക സര്‍വേ പറയുന്നു. കേന്ദ്ര ബജറ്റിനു തൊട്ടു മുന്‍പായി അവതരിപ്പിക്കുന്ന സാമ്പത്തിക വിശകലന റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോഴാണ് വളര്‍ച്ച നിരക്ക് കൂടുമെന്നു സാമ്പത്തിക സര്‍വേ പ്രവചിക്കുന്നത്.
ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി 5 ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2019 ജൂലൈയില്‍ ജിഡിപി 7 ശതമാനമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നതെങ്കിലും, ഇതിനടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല. ഐഎംഎഫിന്റെ വിലയിരുത്തലില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 4.8 ശതമാനം മാത്രമായിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കുത്തനെ താഴോട്ട് പോയത് മുന്നോട്ടു കുതിക്കാനുള്ള തുടക്കമാണെന്നാണ് സാമ്പത്തിക സര്‍വേ കണക്കുകൂട്ടുന്നത്. ''ധനസ്ഥിതി മെച്ചപ്പെടുത്തല്‍'' എന്നതാകും ഇത്തവണ സാമ്പത്തിക സര്‍വേയുടെ പ്രധാന ഊന്നല്‍. ''ലോകത്തിനായി ഇന്ത്യയില്‍ ഒത്തുകൂടാം'' എന്നതാണ് പ്രധാന പോളിസി നിര്‍ദേശം. ഉദ്പാദനരംഗത്ത് വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കുന്ന ഉദ്പാദന മേഖലകള്‍ വികസിപ്പിക്കാനും സാമ്പത്തിക സര്‍വേ ലക്ഷ്യമിടുന്നു.
പൊതുമേഖലാബാങ്കുകളില്‍ ശക്തമായ പരിഷ്കാരങ്ങള്‍ സാമ്പത്തിക സര്‍വേ ശുപാര്‍ശ ചെയ്യുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിവരശേഖരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി കൈകാര്യം ചെയ്യുന്നത് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ മികച്ച രീതിയില്‍ ബാങ്കിംഗ് വിവരങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂലൈ സെപ്റ്റംബര്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനമായി ഇടിഞ്ഞിരുന്നു. 2013ന് ശേഷമുള്ള ഏറ്റവും കുറവ് വളര്‍ച്ചാനിരക്കാണിത്. വിപണി മാന്ദ്യത്തിലായതും നിക്ഷേപം കുറഞ്ഞതും തന്നെയായിരുന്നു പ്രധാന കാരണം.
ധനകമ്മി കുറച്ചാൽ മാത്രമേ രാജ്യത്ത് വളർച്ചയുണ്ടാകുവെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ഉപഭോഗം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. ആഗോളസാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന സംഭവങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്നും സാമ്പത്തിക സർവേയിൽ പറയുന്നു. മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് കൃഷ്ണമൂർത്തിയാണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയാറാക്കിയത്. കേന്ദ്രത്തിന്റെ പൊതു ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ അവതരിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
