

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം യുക്തിരഹിതവും അധാര്‍മികവും അനവസരത്തിലുള്ളതുമാണെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. സിഎഎ വിരുദ്ധ സമരം കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ചിച്ചു എന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം പ്രത്യക്ഷത്തില്‍ത്തന്നെ യുക്തിരഹിതമാണ്. ശ്രീലങ്കന്‍ തമിഴര്‍ നിമയത്തിന്റെ പരിധിയില്‍നിന്ന് പുറത്തായതിന് എന്തു കാരണമാണ് പറയാനുള്ളത്. നിയമം നടപ്പിലായാല്‍ കൂടുതല്‍ ബാധിക്കുക മുസ്ലീംകളെ ആയിരിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരെ ഇത് കൂടുതല്‍ അരക്ഷിതത്വത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനവസരത്തിലുള്ള നിയമമാണിത്. രാജ്യത്ത് യുവാക്കള്‍ തൊഴിലില്ലാതെ പ്രയാസപ്പെടുന്നു. സാമ്പത്തികത്തകര്‍ച്ചയും പാരിസ്ഥിതിക അപകടാവസ്ഥകളും അടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ആ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിയമം പിന്‍വലിക്കാന്‍ തയ്യാറാകണം. ഇല്ലങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്നും ഗുഹ മുന്നറിയിപ്പു നല്‍കി.
തീര്‍ച്ചയായും നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവണം. എന്നാല്‍ അക്രമരഹിതമാകണം പ്രതിഷേധങ്ങള്‍. നിയമത്തിനെതിരെ മുസ്ലിം ഇതര വിഭാഗത്തില്‍നിന്നുള്ളവരും തെരുവിലിറങ്ങി എന്നത് വളരെയധികം ആവേശം നല്‍കുന്ന കാര്യമാണ്. തെരഞ്ഞെടുപ്പുകളല്ല ജനാധിപത്യമാണ് പ്രധാനം. സമരത്തെ നേരിടാന്‍ ഇന്റര്‍നെറ്റ് നിരോധനം അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് വളരെ മോശം സൂചനകളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന്റെ ഭാഗമായുണ്ടായ ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങള്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ വ്യാപ്തിയും തീവ്രതയും സര്‍ക്കാരിനെയും സര്‍ക്കാരിന്റെ വിമര്‍ശകരെയും അമ്പരപ്പിച്ചിരിക്കുകയാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates