അന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് അനവസരത്തില്‍, പാക് അധിനിവേശ കശ്മീര്‍ നെഹ്‌റുവിന്റെ സൃഷ്ടി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ

നെഹ്‌റുവിന് പകരം സര്‍ദാര്‍ പട്ടേല്‍ ആയിരുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്‌തെനേയെന്നും അമിത് ഷാ
അന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് അനവസരത്തില്‍, പാക് അധിനിവേശ കശ്മീര്‍ നെഹ്‌റുവിന്റെ സൃഷ്ടി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ
Updated on
1 min read

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അനവസരത്തിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് അമിത് ഷാ ആരോപിച്ചു. അല്ലാത്തപക്ഷം പാക് അധിനിവേശ കശ്മീര്‍ ഉണ്ടാവുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. മുംബൈയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

അന്ന് നെഹ്‌റു അനവസരത്തിലാണ് പാകിസ്ഥാനോട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അല്ലാത്തപക്ഷം പാക് അധിനിവേശ കശ്മീര്‍ ഉണ്ടാവുമായിരുന്നില്ല. നെഹ്‌റുവിന് പകരം സര്‍ദാര്‍ പട്ടേല്‍ ആയിരുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്‌തെനേയെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമിത് ഷാ അഭിനന്ദിച്ചു. മോദിയുടെ ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയമാണിതെന്നും അമിത് ഷാ പറഞ്ഞു. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകളും 35എയും മോദി റദ്ദാക്കിയതായും അമിത് ഷാ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നിലപാടുകളെ അമിത് ഷാ വിമര്‍ശിച്ചു. ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെ അനുകൂലിക്കുന്നുവോ എതിര്‍ക്കുന്നുവോ എന്ന് ജനങ്ങളോട് തുറന്നുപറയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എന്‍സിപി നേതാവ് ശരദ് പവാറും തയ്യാറാകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഒരു രാഷ്ട്രീയ പ്രശ്‌നമാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് ഇപ്പോഴാണ്. അതേസമയം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കുന്നതിന് വേണ്ടി ബിജെപിയിലെ മൂന്ന് തലമുറകളാണ് ജീവിതം ഉഴിഞ്ഞുവെച്ചത്. ഞങ്ങളെ സംബന്ധിച്ച് ഇത് ഒരു രാഷ്ട്രീയ വിഷയം മാത്രമായിരുന്നില്ല. ഭാരതത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തണമെന്ന ലക്ഷ്യം മാത്രമായിരുന്നു ഇതിന് പിന്നില്‍'- അമിത് ഷാ പറഞ്ഞു.

നിലവില്‍ കശ്മീരില്‍ ഒരു അശാന്തിയും നിലനില്‍ക്കുന്നില്ല. ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് ശേഷം ഒറ്റ വെടിയൊച്ച പോലും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ ഭീകരവാദവും പൂര്‍ണമായി അവസാനിപ്പിക്കുമെന്നും അമിത് ഷാ ഉറപ്പുനല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com