

അമൃത്സര്‍: പഞ്ചാബ് വിഷമദ്യ ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രി അമരിന്ദര്‍ സിങിന് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. 121പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തെക്കുറിച്ച് തങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിനാല്‍ അമരിന്ദര്‍ സിങിന് മാനസിക നില തെറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി പ്രതാപ് സിങ് ബാജ്‌വ പറഞ്ഞു.
നേരത്തെ, പ്രതാപ് സിങ്ങും രാജ്യസഭ എംപിയായ ഷംഷീര്‍ സിങ് ദുള്ളോയും വിഷമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ രംഗത്തുവന്നിരുന്നു. ഇതേക്കുറിച്ചുള്ള പ്രതികരണത്തിലാണ് പ്രതാപ്, മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് പറഞ്ഞത്. ' 121പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ചോദ്യം ചെയ്യുന്നു എന്ന ചിന്ത കാരണം ക്യാപ്റ്റന്‍ സാബിന് സമനില തെറ്റിയിരിക്കുകയാണ്' -പ്രതാപ് പറഞ്ഞു.
'രണ്ടുവര്‍ഷം മുന്‍പ് അമൃത്സറില്‍ ട്രെയിന്‍ അപകടത്തില്‍ അറുപതുപേര്‍ കൊല്ലപ്പെട്ടു. അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു,പിന്നീട് ഒന്നും സംഭവിച്ചില്ല. കഴിഞ്ഞവര്‍ഷം ബതാലയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം നടന്നു, അവിടെയും അന്വേഷണസംഘം രൂപീകരിച്ചു, പക്ഷേ ഒന്നും നടന്നില്ല. അമരിന്ദര്‍ സിങിന് കീഴിലുള്ള പൊലീസും എക്‌സൈസും വിഷമദ്യ ദുരന്തം കൃത്യമായി അന്വേഷിക്കുമോ എന്നാണ് ഞങ്ങള്‍ ചോദിച്ചത്'- പ്രതാപ് സിങ് പറഞ്ഞു.
ദുരന്തത്തെക്കുറിച്ചും അനധികൃത ഡിസ്റ്റലറികളെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് താന്‍ ഗവര്‍ണറെ സമീപിച്ചത്. ഇത് അമരിന്ദര്‍ സിങ്ങിന്റെ സമനില തെറ്റിച്ചു. അതിനാലാണ് തന്റെ പൊലീസ് സുരക്ഷ എടുത്തുകളഞ്ഞതെന്നും എംപി പറഞ്ഞു. അമരിന്ദര്‍ സിങ് പാട്യാലയിലെ മഹാരാജാവ് അല്ലെന്നും ജനാധിപത്യപരമായി പെരുമാറണമെന്നും എംപി തുറന്നടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates