ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ഒരുതരത്തിലുമുള്ള ആശയവിനമയവും സാധിക്കുന്നില്ലെന്നും പാർട്ടിപ്രവർത്തകരെയോ അഭിഭാഷകരെയോ പോലും കാണാൻ കഴിയാതെ ഏകാന്തതടവിലാണ് മുഫ്തിയെന്നും മകൾ ഇൽറ്റിജ ജാവേദ്.
"അമ്മയെ കഴിഞ്ഞ ദിവസമാണ് കൊണ്ടുപോയത്. ഹരിനിവാസ് എന്ന സർക്കാർ ഗസ്റ്റ്ഹൗസിലാണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. അമ്മയുമായി ബന്ധപ്പെടാൻ ഞങ്ങളെ അനുവദിക്കുന്നില്ല. എനിക്ക് അമ്മയെ കാണാൻ പോലും അനുവാദം നൽകുന്നില്ല. ഒരു ആശ്യവിനിമയവും സാധ്യമല്ല. കാരണം ലാൻഡ് ഫോണുകളും മൊബൈൽ ഫോണുകളുമടക്കം എല്ലാം നിശ്ചലമാണ്", ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇൽറ്റിജ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കൊള്ളക്കാരും ക്രിമിനലുകളുമായാണ് കൈകാര്യം ചെയ്യുന്നതെന്നും ഇൽറ്റിജ പറഞ്ഞു. തന്റെ അമ്മയുടെയും ഒമറിന്റെയും കാര്യം മാത്രമല്ല ഇതെന്നും കാഷ്മീരികളെ പീഡിപ്പിക്കാൻ അവർ ഏതറ്റംവരെയും പോകുംമെന്നും ഇൽറ്റിജ കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ടുള്ള തീരുമാനത്തിന് മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ച മുതൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും കരുതൽ തടങ്കലിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates