അയോധ്യ വിധി; സുപ്രീം കോടതിയില്‍ ജയ് ശ്രീ റാം വിളിച്ച് അഭിഭാഷകര്‍

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സുപ്രീംകോതി പരിസരത്ത് ജയ് ശ്രീ റാം മുദ്രാവാക്യം മുഴക്കി അഭിഭാഷകര്‍
അയോധ്യ വിധി; സുപ്രീം കോടതിയില്‍ ജയ് ശ്രീ റാം വിളിച്ച് അഭിഭാഷകര്‍
Updated on
2 min read

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സുപ്രീംകോതി പരിസരത്ത് ജയ് ശ്രീ റാം മുദ്രാവാക്യം മുഴക്കി അഭിഭാഷകര്‍. ഒരുവിഭാഗം അഭിഭാഷകരുടെ ഈ പ്രവൃത്തി മറ്റുള്ളവര്‍ ചേര്‍ന്നു തടഞ്ഞു. പ്രകോപനപമായ പെരുമാറ്റങ്ങളുണ്ടാകരുത് എന്നും സംയമനം പാലിക്കണമെന്നും നേരത്തെ സര്‍ക്കാരും കോടതിയും നിര്‍ദേശിച്ചിരുന്നു. വിധി പ്രഖ്യാപിക്കുന്നത് കണക്കിലെടുത്ത് സുപ്രീംകോടതി പരിസരത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കാനാണ് സുപ്രീം കോടതി വിധി. പള്ളി പണിയുന്നതിനു മുസ്ലിംകള്‍ക്കു പകരം ഭൂമി നല്‍കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം. ഇതിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.  

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഭൂമിക്കടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. ബാബരി മസ്ജിദ് പണിതത് ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ അല്ല. ആ കെട്ടിടത്തിന്റെ അടിയിലുണ്ടായിരുന്ന അവശിഷ്ടങ്ങള്‍ ഇസ്ലാമികമല്ല എന്നതിനു തെളിവുണ്ട്. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തര്‍ക്ക സ്ഥലത്തു തന്നെയാണ് ശ്രീരാമന്‍ ജനിച്ചത് എന്നു ഹിന്ദുക്കള്‍ വിശ്വസിച്ചുവരുന്നതിന് തെളിവുണ്ട്. രാം ചബൂത്ര, സീതാ രസോയി എന്നിവയില്‍ ബ്രിട്ടിഷ് കാലത്തിനു മുമ്പുതന്നെ ഹിന്ദുക്കള്‍ ആരാധാന നടത്തിയിരുന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

തര്‍ക്കസ്ഥലത്ത് മുസ്ലിംകള്‍ പ്രാര്‍ഥന നടത്തുമ്പോള്‍ തന്നെ അതിനോടു ചേര്‍ന്ന സ്ഥലത്ത് ഹിന്ദുക്കള്‍ പ്രാര്‍ഥന നടത്തിയിരുന്നുവെന്നു വ്യക്തമാണ്. പള്ളി മുസ്ലിംകള്‍ ഉപേക്ഷിച്ചതാണെന്ന വാദം ശരിയല്ല. എന്നാല്‍ പള്ളി നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല.

രാമജന്മ ഭൂമിയെ നിയമ വ്യക്തിത്വമായി അംഗീകരിക്കണമെന്ന നിര്‍മോഹി അഖാഡയുടെ വാദം കോടതി അംഗീകരിച്ചില്ല. നിര്‍മോഹി അഖാഡ നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ഷിയ വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 1946ലെ ഫൈസാബാദ് കോടതി വിധിയെ ചോദ്യം ചെയ്താണ് ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജി നല്‍കിയിരുന്നത്. വിശ്വാസികളുടെയും ഭക്തരുടെയും വികാരങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് സംതുലിതമായി മാത്രമേ കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

40 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്് കേസില്‍ വിധി പറഞ്ഞത്.

അയോധ്യ വിധിയുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രശ്‌ന ബാധിത മേഖലകളില്‍ പൊലീസിനെ വിന്യസിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com