

ന്യൂഡല്‍ഹി: നിയമവൃത്തങ്ങളില്‍ അമ്പരപ്പു സൃഷ്ടിച്ചുകൊണ്ടാണ് അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ ഇന്നു വിധി പറയാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. നാലു ദിവസം കോടതി അവധിയായതിനാല്‍ പതിനാലിനോ പതിനഞ്ചിനോ അയോധ്യാ കേസില്‍ വിധി വരും എന്നായിരുന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇന്നു വിധി വരും എന്ന് ഇന്നലെ രാത്രി സുപ്രീം കോടതിയുടെ അറിയിപ്പു വന്നതിനു പിന്നാലെ തന്നെ എന്തുകൊണ്ട് അവധി ദിവസം വിധി പറയാന്‍ കോടതി തീരുമാനിച്ചു എന്ന ചര്‍ച്ചകളും സജീവമായി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഈ മാസം പതിനേഴിനാണ് വിരമിക്കുന്നത്. അതിനു മുമ്പായി അദ്ദേഹം കേട്ട സുപ്രധാന കേസുകളില്‍ വിധി വരും എന്നുറപ്പായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അയോധ്യ, ശബരിമല, റഫാല്‍, ആര്‍ടിഐ, രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് എന്നിവയില്‍ ഈയാഴ്ചയും അടുത്തയാഴ്ചയുമായി സുപ്രീം കോടതി വിധി പറയും എന്നു പ്രതീക്ഷിക്കപ്പെട്ടത്.
രഞ്ജന്‍ ഗൊഗോയിയുടെ സര്‍വീസിലെ അവസാന ദിനം ഞായറാഴ്ചയാണ്. പതിനാറിന് ശനിയാഴ്ചയും കോടതി അവധിയായതിനാല്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി വിധിപ്രസ്താവം ഉണ്ടാവും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വെള്ളിയാഴ്ച രാത്രി അപ്രതീക്ഷിതമായി ശനിയാഴ്ച അയോധ്യാ കേസില്‍ വിധിപ്രസ്താവം നടത്തും എ്ന്നു കോടതി അറിയിക്കുകയായിരുന്നു.
മതവികാരങ്ങളുമായി ബന്ധപ്പെട്ടതും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ കേസ് ആയതിനാല്‍ വിധി പ്രസ്താവത്തോട് അനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവരുത് എന്ന കരുതലില്‍നിന്നാണ് ഇന്നു വിധി പറയാന്‍ കോടതി തീരുമാനിച്ചതെന്നാണ് വ്യഖ്യാനങ്ങള്‍. അപ്രതീക്ഷിതമായ ഒരു ദിവസം വിധി വരുന്നതോടെ വേണ്ടത്ര തയാറെടുപ്പുകള്‍ നടത്താന്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് കഴിയില്ലെന്നു കോടതി കണക്കുകൂട്ടിയിരിക്കാം എന്ന് ഇവര്‍ പറയുന്നു. അതേസമയം തന്നെ സുരക്ഷാ സന്നാഹങ്ങള്‍ സജ്ജമാണെന്ന വിലയിരുത്തല്‍ കോടതി നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും വിളിച്ചുവരുത്തി ഇക്കാര്യങ്ങള്‍ കോടതി ആരാഞ്ഞിരുന്നു.
നിയമപരമായി ഏതു കേസും ഏതു സമയത്തും കേള്‍ക്കാനും വിധി പറയാനും കോടതിക്കു കഴിയും. അതുകൊണ്ടുതന്നെ ശനിയാഴ്ച വിധി പ്രസ്താവം നടത്തുന്നതില്‍ നിയമത്തിന്റെ കണ്ണില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് നിയമ രംഗത്തുള്ളവര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates