അഴുകിയ മൃതദേഹങ്ങള്‍ വലിച്ചിഴച്ച് വാനിലേക്ക്; ഒന്നിനുമേല്‍ ഒന്നായി കുത്തിനിറച്ചു; ഇത് കൊറോണക്കാലത്തെ ബംഗാള്‍ മോഡല്‍; വീഡിയോ

അഴുകിയ മൃതദേഹങ്ങള്‍ വലിച്ചിഴച്ച് വാനിലേക്ക്; ഒന്നിനുമേല്‍ ഒന്നായി കുത്തിനിറച്ചു; ഇത് കൊറോണക്കാലത്തെ ബംഗാള്‍ മോഡല്‍; വീഡിയോ

മൃതദേഹങ്ങളോട് ആദരവ് കാണിക്കാതെ കൂട്ടത്തോടെ വാനിലേക്ക് വലിച്ചിഴച്ച് കയറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബംഗാളില്‍ വിവാദം
Published on

കൊല്‍ക്കത്ത: മൃതദേഹങ്ങളോട് ആദരവ് കാണിക്കാതെ കൂട്ടത്തോടെ വാനിലേക്ക് വലിച്ചിഴച്ച് കയറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബംഗാളില്‍ വിവാദം. കഴിഞ്ഞ ദിവസം തെക്കന്‍ കൊല്‍ക്കത്തയിലാണ് വിവാദത്തിന് അടിസ്ഥാനമായ സംഭവം ഉണ്ടായത്
'ഹൃദയശൂന്യവും വിവരിക്കാനാവാത്ത നിര്‍വികാരതയും' അടങ്ങിയ കാര്യമാണിതെന്നു ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ട്വീറ്റ് ചെയ്തതോടെ സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായി.

കോവിഡ് ബാധിതരാണ് മരിച്ചതെന്ന അഭ്യൂഹം പരന്നതോടെ പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തി. വ്യക്തത വരുത്തണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മരിച്ചവര്‍ കൊറോണ വൈറസ് ബാധിതരാണെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. 'ആശുപത്രി മോര്‍ച്ചറിയിലുണ്ടായിരുന്ന അവകാശികളില്ലാത്തതും തിരിച്ചറിയാത്തതുമായ മൃതദേഹങ്ങളാണ് അവയെന്നും ആരും കോവിഡ് ബാധിതരല്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും'– കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.

എന്‍ആര്‍എസ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അയച്ച കത്തിനെ തുടര്‍ന്നാണു പൊലീസ് ഇടപെട്ടത്. മോര്‍ച്ചറിയില്‍നിന്ന് 14 അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷനു കൈമാറിയിട്ടുണ്ടെന്നും ഇവരാരും കോവിഡ് ബാധിതരല്ലെന്നും പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണു പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച തെക്കന്‍ കൊല്‍ക്കത്തയിലെ ഗരിയ അടി മഹാശ്മശാനില്‍നിന്നെടുത്ത വിഡിയോയിലാണ് അനാസ്ഥ വെളിപ്പെടുത്തിയത്.  13 മൃതദേഹങ്ങളുമായി ശ്മശാനത്തിലേക്കു മുനിസിപ്പല്‍ വാന്‍ എത്തിയെന്നു വിവരം കിട്ടിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വാന്‍ വന്നു മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്കു മാറ്റിയതിനു പിന്നാലെ പ്രദേശത്താകെ അഴുകിയ മണം പരന്നതായും പറയപ്പെടുന്നു.

'ഞങ്ങളെ അയച്ചത് ഇതിവിടെ നിക്ഷേപിക്കാനല്ലേ' എന്നു വാനില്‍ വന്നയാള്‍ ഫോണിലൂടെ പറയുന്നത് വിഡിയോയില്‍ കാണാം. ഇയാള്‍ക്കു പിന്നില്‍ ചുവന്ന ഷോട്‌സും ബനിയനും ധരിച്ച് മറ്റൊരാളെയും കാണാം. മൃതദേഹങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി വാനില്‍നിന്ന് വലിച്ചിറക്കുന്നതാണ് അടുത്ത ഭാഗത്ത്. വലിയ കൊടില്‍ കൊണ്ടാണു മൃതദേഹങ്ങള്‍ അടുപ്പിച്ച് വച്ചിരുന്നത്. വിഡിയോ വന്നതും പിന്നാലെ പ്രതിഷേധം രൂപപ്പെട്ടതും അറിഞ്ഞ് അധികൃതര്‍ ഉടനെ സ്ഥലത്തെത്തി.

മൃതദേഹങ്ങൾ തിരികെ വാനിൽ എടുത്തു വയ്ക്കാനും ശ്മശാനത്തിൽനിന്നു മാറ്റാനും ജീവനക്കാരോടു നിർദേശിച്ചു. ഈ അനാഥ മൃതദേഹങ്ങൾ നേരത്തെ ധാപ്പ ശ്മശാനത്തിൽ സംസ്കരിക്കാൻ നിർദേശിച്ചതാണെന്നു കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ തലവൻ ഫിർഹാദ് ഹക്കിം പറഞ്ഞു. മേയ് 29 മുതൽ ധാപ്പ കോവിഡ് മരണങ്ങൾക്കു മാത്രമായി മാറ്റിയിരുന്നു. തുടർന്നാണ് ഇവ ഗാരിയ ശ്മശാനത്തിലേക്കു കൊണ്ടുവന്നതെന്നും ഫിർഹാദ് ഹക്കിം വിശദീകരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com