

ന്യൂഡല്‍ഹി: കുടുംബ വാഴ്ച ഇന്ത്യയില്‍ പതിവാണെന്നും പല രംഗങ്ങളിലും അതുണ്ടെന്നും അഭിപ്രായപ്പെട്ട കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹിന്ദി നടന്‍ ഋഷി കപൂര്‍. അസംബന്ധം പറഞ്ഞുനടക്കാതെ കഠിനപ്രയത്‌നവും കഴിവും കൊണ്ട് ആദരവു നേടിയെടുക്കാന്‍ ഋഷി കപൂര്‍ രാഹുലിനെ ഉപേദശിച്ചു. കുടുംബ വാഴ്ചയ്ക്ക് ഉദാഹരണമായി ബോളിവുഡിനെ ചൂണ്ടിക്കാട്ടിയതാണ് മുതിര്‍ന്ന നടനെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ ദിവസം അമേരിക്കയിലെ ബെര്‍ക്കിലിയില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെയാണ് രാഹുല്‍ ഇന്ത്യയിലെ വിവിധ മേഖലകളിലുള്ള കുടുംബ വാഴ്ച എടുത്തുപറഞ്ഞത്. കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണോ എന്ന ചോദ്യത്തിനായിരുന്നു രാഹുലിന്റെ പ്രതികരണം. ''ഇന്ത്യയില്‍ ഇതു പതിവാണ്. അതുകൊണ്ട് അതിന്റെ പേരില്‍ എന്നെ മാത്രം വിമര്‍ശിക്കേണ്ട. അഖിലേഷ് യാദവ്, സ്റ്റാലിന്‍, അനുരാഗ് താക്കൂര്‍ ഇവരൊക്കെ നേതാക്കളുടെ മക്കളാണ്. അഭിഷേക് ബച്ചന്‍ അങ്ങനെയാണ്, അംബാനിയും'' ഇങ്ങനെയായിരുന്നു ചോദ്യത്തിന് രാഹുലിന്റെ മറുപടി.
ഇന്ത്യന്‍ സിനിമയുടെ 106 വര്‍ഷത്തെ ചരിത്രത്തില്‍ 90 വര്‍ഷവും കപൂര്‍ കുടുംബത്തില്‍നിന്നുള്ളവര്‍ സജീവമായി നിന്നിട്ടുണ്ടെന്ന് രാഹുലിനു മറുപടിയായി ഋഷി കപൂര്‍ ട്വിറ്ററില്‍ പറഞ്ഞു. അവരെയെല്ലാം കഴിവിന്റെ പേരില്‍ ജനങ്ങള്‍ നിലനിര്‍ത്തിയതാണ്. നാലു തലമുറയായി ഞങ്ങളിവിടെയുണ്ട്. പൃഥ്വിരാജ് കപൂര്‍, രാജ് കപൂര്‍, രണ്‍ധീര്‍ കപൂര്‍, രണ്‍ബിര്‍ കപൂര്‍- ഇത്രയും ആണുങ്ങള്‍. വേറെ മറ്റു പലരുമുണ്ട്. അതു കുടുംബവാഴ്ചയുടെ പേരിലെന്നു പറയേണ്ട. ജനങ്ങളുടെ ആദരവും സ്നേഹവും കഠിനപ്രയത്‌നത്തിലൂടെ നേടണം. അടിച്ചേല്‍പ്പിച്ചും ഗുണ്ടായിസം കാണിച്ചും അതിനാവില്ലെന്ന് ഋഷി കപൂര്‍ പറഞ്ഞു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സജ്ജമാണോ എന്ന മോഡറേറ്ററുടെ ചോദ്യത്തിന് താന്‍ എല്ലാ അര്‍ഥത്തിലും തയ്യാറാണെന്ന രാഹുലിന്റെ മറുപടി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതൊടൊപ്പം കോണ്‍ഗ്രസിന്റെ പരാജയങ്ങളില്‍ സ്വയം വിമര്‍ശനപരമായ ചില അഭിപ്രായങ്ങളും രാഹുല്‍ മുന്നോട്ടുവച്ചു. 2012 മുതല്‍ പാര്‍ട്ടിക്ക് നേരിട്ട പരാജയങ്ങള്‍ക്ക് കാരണം അഹങ്കാരമാണ്. അഹങ്കാരം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി. അതിന്റെ എല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും രാഹുല്‍ പറഞ്ഞു.
മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയപ്പോഴും, നരേന്ദ്ര മോദിയെ പ്രശംസിക്കാനും രാഹുല്‍ മറന്നില്ല. തന്നേക്കാളും നന്നായി ആശയ വിനിമയം നടത്താന്‍ മോദിക്ക് കഴിയും. മോദി തുടക്കമിട്ട മെയ്ക്ക് ഇന്‍ ഇന്ത്യയേയും രാഹുല്‍ അഭിനന്ദിച്ചു. എന്നാല്‍ നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ രണ്ട് ശതമാനം മോദി കുറച്ചതായും, കര്‍ഷകര്‍ക്ക് ഇതിമൂലമേറ്റ ആഘാതം വലുതാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
സ്വന്തം രാജ്യത്ത് തന്നെ തങ്ങള്‍ക്ക് നല്ലൊരു ഭാവി ഇല്ലെന്ന ചിന്തയാണ് മോദി ഭരണകൂടം ജനങ്ങളുടെ മനസില്‍ സൃഷ്ടിച്ചിരിക്കുന്നത്.വിദ്വേഷവും സംഘര്‍ഷവും സൃഷ്ടിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ രാഹുല്‍ ഗാന്ധി ഒരു വിഡ്ഡിയാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കുടുംബ വാഴ്ചയെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശത്തെ കുറ്റപ്പെടുത്തി ബിജെപിയും രംഗത്തുവന്നിരുന്നു. പരാജയപ്പെട്ട ഒരു നാടുവാഴി തന്റെ തോല്‍വിയുടെ കഥകള്‍ പാടിനടക്കുന്നു എന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates