പൊഖ്‌റാന്‍ : ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യയുടെ നയം എക്കാലത്തേക്കുമുള്ളതല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭാവിയില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഈ നയം മാറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ പൊഖ്‌റാനില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പ്രതിരോധമന്ത്രി നിലപാട് വ്യക്തമാക്കിയത്.
മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലാണ് പ്രതിരോധമന്ത്രി പൊഖ്‌റാനിലെത്തിയത്. പൊഖ്‌റാനില്‍ മുന്‍പ്രധാനമന്ത്രി വാജ്‌പേയിക്ക് രാജ്‌നാഥ് സിങ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 1998 ല്‍ വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കെയാണ്, ഇന്ത്യ പൊഖ്‌റാനില്‍ ആണവപരീക്ഷണം നടത്തിയത്.
അതിനിടെ അതിര്‍ത്തിയിലെ പാകിസ്ഥാന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ വിമര്‍ശിച്ച് ഇന്ത്യന്‍ കരസേന രംഗത്തുവന്നു. കശ്മീര്‍ വിഷയം ഐക്യരാഷ്ട്രരക്ഷാസമിതി ഇന്നു പരിഗണിക്കാനിക്കെ, ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നത്. കശ്മീര്‍ ഒരു പ്രശ്‌നബാധിത പ്രദേശമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും ഇന്ത്യന്‍ സൈന്യം ആരോപിക്കുന്നു.
ജമ്മുകശ്മീരിന്റെ ഭരണഘടനപദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത് പാകിസ്ഥാന്‍ നല്‍കിയ അപേക്ഷയിലാണ് യുഎന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍സമയം വൈകീട്ട് 7.30നാണ് ചര്‍ച്ച. ചൈനയുടെ നിര്‍ദേശം പരിഗണിച്ച് രഹസ്യചര്‍ച്ചയായിരിക്കും നടക്കുക. ചര്‍ച്ചയില്‍ പാക് പ്രതിനിധിയെ പങ്കെടുപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates