മുംബൈ: രണ്ടുമാസത്തെ അടച്ചിടലിന് ശേഷം ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച ആദ്യ ദിവസം തന്നെ മിക്ക വിമാനത്താവളങ്ങളിലും യാത്രക്കാര്‍ ദുരിതത്തിലായി. സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതാണ് നാട്ടില്‍ എത്താനും മറ്റും ആഭ്യന്തര വിമാനങ്ങളെ ആശ്രയിച്ച യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ഡല്‍ഹി വിമാനത്താവളത്തില്‍ മാത്രം ഉച്ചയ്ക്ക് ശേഷം 80 സര്‍വീസുകളാണ് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്ന് 380 സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്.
ബംഗളൂരുവില്‍ 20 വിമാനങ്ങള്‍ റദ്ദാക്കി. ഒഡീഷയില്‍ അഞ്ചുവിമാനസര്‍വീസുകളാണ് വേണ്ടെന്ന്് വെച്ചത്.വിമാനം റദ്ദാക്കിയതിനെ കുറിച്ച് വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നു യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു യാത്രക്കാര്‍ പറഞ്ഞു.അവസാനനിമിഷം വരെ ഇതേക്കുറിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പറഞ്ഞു. ടെര്‍മിനല്‍ മൂന്നില്‍ കടുത്ത പ്രതിഷേധമാണ് ഇവര്‍ ഉയര്‍ത്തിയത്. വിമാനസര്‍വീസ് നടത്താനാവില്ലെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണു വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതെന്നു വിമാനത്താവള അധികൃതര്‍ പറഞ്ഞു.
സമാനമായ സാഹചര്യമാണ് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലും അരങ്ങേറിയത്. വിമാനങ്ങള്‍ അറിയിപ്പില്ലാതെ റദ്ദാക്കിയതോടെ നിരവധി പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ബംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളത്തില്‍ ഒമ്പതു സര്‍വീസുകള്‍ റദ്ദാക്കി. പുലര്‍ച്ചെ 4.45ന് ഡല്‍ഹിയില്‍നിന്നു പുണെയിലേക്കാണ് ആദ്യവിമാനം പുറപ്പെടേണ്ടിയിരുന്നത്. മുംബൈയില്‍നിന്നു പട്‌നയിലേക്കുള്ള വിമാനം 6.45നും സര്‍വീസ് ആരംഭിക്കുമെന്ന് നിശ്ചയിച്ചിരുന്നു.
രാവിലെ 11.05 നുള്ള വിമാനത്തില്‍ ഡല്‍ഹിക്കു പോകാനായി നിരവധി പേര്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അവസാന നിമിഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ഇനി രാത്രിയില്‍ ഒരു വിമാനം സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനും സ്ഥിരീകരണം നല്‍കിയിട്ടില്ലെന്നും കാത്തിരിക്കുകയാണെന്നും ഒരു യാത്രക്കാരി പറഞ്ഞു.
തെര്‍മല്‍ സ്‌കാനിങ് ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് വലിയ ക്യൂവാണ് മുംബൈ വിമാനത്താവളത്തില്‍ അനുഭവപ്പെട്ടത്. ആരോഗ്യ സേതു ആപ്പ് യാത്രക്കാര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.
വിമാനസര്‍വീസ് പുനരാരംഭിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണു മഹാരാഷ്ട്ര. മുംബൈയിലേക്കും മുംബൈയില്‍നിന്നും 25 വിമാനസര്‍വീസുകള്‍ നടത്താമെന്നാണു മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മുംബൈയിലേക്കു പറക്കാന്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയവരും നിരാശരായി. മാര്‍ച്ച് 15 മുതല്‍ ചെന്നൈയില്‍ കുടുങ്ങിപ്പോയ വിശ്വനാഥന്‍ എന്നയാള്‍ മൂന്നു ടിക്കറ്റ് ബുക്ക് ചെയ്താണ് രാവിലെ യാത്രയ്‌ക്കെത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം ഇവര്‍ അറിയുന്നത്. ഇനി എന്താണു ചെയ്യേണ്ടതെന്ന് ആരും മറുപടി നല്‍കുന്നില്ലെന്നു വിശ്വനാഥന്‍ പറഞ്ഞു.
ഉംപുന്‍ ചുഴലിക്കാറ്റ് ദുരിതം വിതച്ചതിനെ തുടര്‍ന്നു ബംഗാള്‍ സര്‍ക്കാര്‍, കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളം തുറക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നിലൊന്ന് ആഭ്യന്തര വിമാനസര്‍വീസുകള്‍ ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നു വ്യാഴാഴ്ചയാണു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. രാജ്യാന്തര വിമാനസര്‍വീസുകള്‍ ജൂണില്‍ ആരംഭിക്കുമെന്നാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates