ന്യൂഡല്‍ഹി: കോവിഡ് പ്രരിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി നിര്‍മ്മിച്ച ആരോഗ്യസേതു ആപ്ലിക്കേഷനെ കുറിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. ആപ്ലിക്കേഷന്‍ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ചതാണ് എന്നാണ് വിശദീകരണം.
21 ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചെടുത്തത്. പകര്‍ച്ചവ്യാധി തടയാനായി കോണ്‍ടാക്ട് ട്രെയിസിങ് എന്ന ലക്ഷ്യം മാത്രം വെച്ചാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്. വ്യവസായ, അക്കാദമിക് രംഗത്തുള്ളവരുടെ സഹകരണത്തോടെയാണ് ആപ്പ് നിര്‍മ്മിച്ചത്.-സര്‍ക്കാര്‍ പറയുന്നു.
ആരോഗ്യസേതു ആപ്പ് ആരാണ് വികസിപ്പിച്ചത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ കേന്ദ്ര വിവര സാങ്കേതി മന്ത്രാലയം ഒഴിഞ്ഞുമാറിയത് വിവാദമായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം വന്നിരിക്കുന്നത്.
ആപ്പില്‍ ദേശീയ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററും കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയവും ചേര്‍ന്നാണ് വികസിപ്പിച്ചത് എന്ന് പറയുമ്പോഴാണ്, വിവരാവകാശ നിയമം അനുസരിച്ചുളള മറുപടിയില്‍ ഈ ചോദ്യങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത്. ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയതിനെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു.
അധികൃതര്‍ വിവരങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ വിവരാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്. ബന്ധപ്പെട്ടവരോട് നവംബര്‍ 24ന് ഹാജരാകാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചത് ആരാണ് എന്ന് പറയാന്‍ ഉത്തരവാദപ്പെട്ടവര്‍ ഒഴിഞ്ഞുമാറുന്നത് നിയമവിരുദ്ധമാണെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍ നോട്ടീസില്‍ പറയുന്നു. ആപ്പ് വികസിപ്പിച്ചത് ആരാണ് എന്ന് ചോദിച്ച് വിവിധ മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും ഉത്തരം ലഭിച്ചില്ല. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ സൗരവ് ദാസ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates