

ന്യൂഡല്‍ഹി: നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയാകാനുള്ള പ്രണബ്കുമാര്‍ മുഖര്‍ജിയുടെ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് തുറന്ന കത്തുമായി കോണ്‍ഗ്രസ് നേതാവ്. അസം കോണ്‍ഗ്രസ് പ്രസിഡന്റും എംപിയുമായ റിപുന്‍ ബോറയാണ് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് നേരിട്ട വലിയ പ്രതിസന്ധിയില്‍ താങ്കള്‍ പാര്‍്ട്ടിക്ക് നല്‍കിയ സേവനങ്ങള്‍ മഹനീയമാണ്. പ്രതിസന്ധിഘട്ടത്തിലും പാര്‍ട്ടിയോടൊപ്പം ഉറച്ചനിന്ന അചഞ്ചലനാണ് താങ്കള്‍. അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ചുരുക്കം നേതാക്കളിലൊരാണ് താങ്കള്‍. അത്തരം ബഹുമതികള്‍ക്ക് ആര്‍ഹമായ താങ്കളില്‍ നിന്നും ഇത്തരിത്തിലുള്ള നടപടി അപ്രതീക്ഷിതമാണെന്നും കത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് എന്നും ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയെ എന്നും എതിര്‍ക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഭരണഘടനയുടെ അടിസ്ഥാന തത്വമാണ് മതനിരപേക്ഷത. ഇത് രാജ്യത്തിന്റെ സാമുഹ്യനിര്‍മ്മിതിയില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇത് തകര്‍ക്കാനുള്ള നീക്കം ശക്തമായ സാഹചര്യത്തിലാണ് താങ്കള്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ഘാതകന്റെ പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആര്‍എസ്എസിനെ റിപ്പബ്ലിക്ക് ദിന പരേഡിലേക്ക് നെഹ്രു വിളിച്ചത് അന്നത്തെ സവിശേഷ സാഹചര്യത്തിലായിരുന്നു. അതുകൊണ്ടാണ് ഈ തീരമാനം പുനപരിശോധിക്കണം.
ദേശീയ പതാകയെ പോലും അംഗീകരിക്കാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഹിന്ദുത്വമാണ് മുഖ്യ അജണ്ട. ഒരു രാജ്യം ഒരു മതം എന്നതാണ് അവരുടെ അടിസ്ഥാനതത്വം. ഇന്ത്യയുടെ പ്രത്യേകതയായ ബഹുസ്വരതെ അവര്‍ വിശ്വസിക്കുന്നില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പരിപാടിയില്‍ നി്ന്നും താങ്കള്‍ പിന്തിരിയണമെന്നും രണ്ടുപേജുള്ള കത്തില്‍ റിപുന്‍ ബോറ പറയുന്നു
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ തനിക്ക് ഒരുപാട് കത്തുകളും ഫോണ്‍ കോളുകളും വന്നിട്ടുണ്ട്, എന്നാല്‍ ഒന്നിനോടും പ്രതികരിച്ചിട്ടില്ലെന്നും ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിഷയത്തിന് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്നും നേരത്തേ മുഖര്‍ജി വ്യക്തമാക്കിയിരുന്നു.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന തീരുമാനം പു:നപരിശോധിക്കണമെന്ന ആവശ്യവുമായി ജയറാം രമേശ്, സികെ ജാഫര്‍ ഷെരീഫ്, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് പരിപാടിയില്‍ പോയി പങ്കെടുത്ത് അവരുടെ ആശയസംഹിതയുടെ അപകടം അവരെ ബോധ്യപ്പെടുത്തണമെന്ന് പി.ചിദംബരവും ആവശ്യപ്പെട്ടിരുന്നു. വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് മന്ത്രിസ്ഥാനത്തുണ്ടായിരുന്ന പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസില്‍ ആശങ്ക സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന നിലപാടാണ് പ്രണബ് മുഖര്‍ജിക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates