ഹൈദരാബാദ് : സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ, മൂന്ന് വ്യത്യസ്ത തലസ്ഥാനമെന്ന നിര്‍ദേശത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേകമന്ത്രിസഭായോഗമാണ് ഇതടക്കമുള്ള നാല് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്. ഈ ബില്ലുകള്‍ ഇന്ന് ആരംഭിക്കുന്ന ആന്ധ്ര നിയമസഭയുടെ മൂന്നുദിവസത്തെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കും.
ആന്ധ്രപ്രദേശ് ക്യാപിറ്റല്‍ ഡെവലപ്പ്‌മെന്റ് ആതോറിട്ടി ആക്ട് പിന്‍വലിച്ചുകൊണ്ടാണ്, മൂന്നു തലസ്ഥാനമെന്ന നിര്‍ദേശത്തിന് തുടക്കമിടുന്നത്. നിര്‍ദിഷ്ട എപിസിആര്‍ഡിഎ ആക്ട് പിന്‍വലിക്കുന്നതോടെ അമരാവതി സംസ്ഥാന തലസ്ഥാനമെന്ന നിലയിലുള്ള വികസനത്തിന് വഴിയൊരുങ്ങും. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും വികസനം എത്തിക്കുക ലക്ഷ്യമിട്ട്, പ്രാദേശിക വിസനത്തിനായി അധികാര വികേന്ദ്രീകരണം എന്ന ബില്ലാണ് മന്ത്രിസഭ അംഗീകരിച്ച മറ്റൊന്ന്.
ഇതോടെ മൂന്ന് തലസ്ഥാനത്തിന് വഴിയൊരുങ്ങും. അമരാവതിക്ക് പുറമെ, എക്‌സിക്യൂട്ടീവ് തലസ്ഥാനമായി വിശാഖപട്ടണവും, ജുഡീഷ്യല്‍ തലസ്ഥാനമായി കര്‍ണൂലും വരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തലസ്ഥാനങ്ങള്‍ മൂന്നായി വിഭജിക്കുന്നതിനെതിരെ അമരാവതിയില്‍ പ്രതിഷേധം ശക്തമാണ്. തലസ്ഥാന വികസനത്തിനായി അമരാവതിയില്‍ ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നിട്ട് തലസ്ഥാനം മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
തലസ്ഥാനം മൂന്നായി വിഭജിക്കാനുള്ള നീക്കത്തിനെതിരെ അമരാവതി ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയും ടിഡിപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് നിയമസഭയിലേക്ക് ചലോ അസംബ്ലി മാര്‍ച്ചിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ടിഡിപി, സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം 800 ലേറെ പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates