'ഇന്ദിര ചോദിച്ചു, " എങ്ങനെയുണ്ട് എന്നെ കാണാന്‍?';  സൗഹൃദവും മാധ്യമപ്രവര്‍ത്തനവും വേര്‍തിരിച്ച കാലത്തെ കുറിച്ച് കുല്‍ദീപ് നയ്യാര്‍

സംഭവ ബഹുലമായിരുന്നു കുല്‍ദീപ് ബ്രിട്ടീഷ് ഇന്ത്യയിലെ സിയാല്‍കോട്ടില്‍ ജനിച്ച  അദ്ദേഹത്തിന്റെ ജീവിതം. 1923 ആഗസ്റ്റ് 23 ന് ഗുര്‍ബക്ഷ് സിങിന്റെയും പൂരണ്‍ദേവിയുടെയും മകനായി കുല്‍ദീപ് നയ്യാര്‍ ജനിച്ചു
'ഇന്ദിര ചോദിച്ചു, " എങ്ങനെയുണ്ട് എന്നെ കാണാന്‍?';  സൗഹൃദവും മാധ്യമപ്രവര്‍ത്തനവും വേര്‍തിരിച്ച കാലത്തെ കുറിച്ച് കുല്‍ദീപ് നയ്യാര്‍
Updated on
2 min read

നീളന്‍ മുടിക്കാരിയായ  ഇന്ദിര ഗാന്ധിയെ ഓര്‍മ്മയുണ്ടോ? അത് മുറിച്ച് മാറ്റിയ ശേഷം അവര്‍ എങ്ങനെയുണ്ട് എന്നെ കാണാന്‍ എന്ന് ചോദിച്ചത് കുല്‍ദീപ് നയ്യാരോടായിരുന്നു. 'മുന്‍പ് നിങ്ങള്‍ സുന്ദരിയായിരുന്നു, ഇപ്പോള്‍ അതിലും സുന്ദരിയായിരിക്കുന്നു' എന്നായിരുന്നു നയ്യാരുടെ മറുപടി. അത്രയും അടുപ്പമുണ്ടായിട്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ടാം ദിവസം യാതൊരു നോട്ടീസും കൂടാതെ ഇന്ദിരഗാന്ധിയെന്ന ഇന്ത്യന്‍ ഭരണാധികാരി ഇരുമ്പഴിക്കുള്ളിലടച്ചവരില്‍ ആദ്യം കുല്‍ദീപ് നയ്യാരെന്ന അടുത്ത സുഹൃത്തും ഉണ്ടായിരുന്നു.

ഫ്രിഡ്ജില്‍ നിന്നും രണ്ട് മാമ്പഴങ്ങളും എടുത്ത് കുടുംബാംഗങ്ങളോട് യാത്രയും പറഞ്ഞ് കുല്‍ദീപ് പൊലീസ് ജീപ്പിലേക്ക് കയറുമ്പോള്‍ സമയം അര്‍ധരാത്രി പിന്നിട്ടിരുന്നുവെന്നത് ചരിത്രം. പിന്നീട് ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്നാണ് കുല്‍ദീപ് നയ്യാര്‍ തിഹാര്‍ ജയിലില്‍ നിന്നും വിട്ടയയ്ക്കപ്പെട്ടത്. 

സംഭവ ബഹുലമായിരുന്നു  ബ്രിട്ടീഷ് ഇന്ത്യയിലെ സിയാല്‍കോട്ടില്‍ ജനിച്ച  അദ്ദേഹത്തിന്റെ ജീവിതം. 1923 ആഗസ്റ്റ് 23 ന് ഗുര്‍ബക്ഷ് സിങിന്റെയും പൂരണ്‍ദേവിയുടെയും മകനായി കുല്‍ദീപ് നയ്യാര്‍ ജനിച്ചു. ലാഹോറില്‍ നിന്നും , മെഡ്ല്‍ സ്‌കൂളില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി. മാധ്യമപ്രവര്‍ത്തകന് പുറമേ ഇടത്പക്ഷ ചിന്താഗതിയുള്ള രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായിരുന്നു അദ്ദേഹം. 1990 ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ടു. 1997 ല്‍ രാജ്യസഭാ എംപിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 'ബിയോണ്ട് ദി ലൈന്‍സ്' , ഇന്ത്യ ആഫ്റ്റര്‍ നെഹ്‌റു',' എമര്‍ജന്‍സി റീ റ്റോള്‍ഡ്' ' ഡിസ്റ്റന്റ് നൈയ്‌ബേഴ്‌സ്' തുടങ്ങി പതിനഞ്ച് പുസ്തകങ്ങള്‍  എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ  ജീവിച്ചിരുന്ന ' ചരിത്ര'മായിരുന്നു നയ്യാരെന്ന് പറയുന്നതില്‍ അല്‍പ്പം പോലും അപാകതയുണ്ടാവില്ല. 

പതിനാല് ഭാഷകളിലെ എണ്‍പതോളം പത്രങ്ങളില്‍ നയ്യാര്‍ എഴുതിയിട്ടുണ്ട്. ഡെയിലി സ്റ്റാറും, സണ്‍ഡേ ഗാര്‍ഡിയനും ഡോണും സ്‌റ്റേറ്റ്സ്മാനും ഇന്ത്യന്‍ എക്‌സ്പ്രസും അവയില്‍ ചിലത് മാത്രമാണ്. രാജ്യങ്ങള്‍ക്കപ്പുറത്തേക്കും വളര്‍ന്ന മാധ്യമപ്രവര്‍ത്തനത്തിന് ഭാഗിക വിരാമമിട്ട് 2000ത്തോടെ നയ്യാര്‍ സജീവ സമാധാന പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു.

അടിയന്താരാവസ്ഥക്കാലത്തെ മൂന്ന് മാസത്തെ ജയില്‍വാസമാണ് പിന്നീടങ്ങോട്ട് കുല്‍ദീപ് നയ്യാരെന്ന മാധ്യമപ്രവര്‍ത്തകന്റെ ജീവിതത്തെ നിര്‍ണയിച്ചത് എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹം നടത്തിയ മനുഷ്യാവകാശപ്പോരാട്ടങ്ങള്‍ എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. ഇന്ത്യാ-പാക് സ്വാതന്ത്ര്യദിനങ്ങളില്‍ വാഗാ അതിര്‍ത്തിയില്‍ സമാധാനത്തിന്റെ മെഴുതിരി വെളിച്ചം തെളിക്കാന്‍ നയ്യാരെത്തിയിരുന്നു. പാകിസ്ഥാനിലുള്ള ഇന്ത്യന്‍ തടവുകാരെയും ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാക് തടവുകാരെയും നിരുപാധികം വിട്ടയ്ക്കണമെന്ന് അദ്ദേഹം അവസാന കാലം വരെ വാദിച്ചിരുന്നു. 

95 ആം വയസ്സില്‍ വിടവാങ്ങുമ്പോള്‍, മുട്ടിലിഴയാതെ, നടുവ് വളയ്ക്കാതെ സധീരം നിന്ന മനുഷ്യനെന്നാവും അതിര്‍ത്തികള്‍ ഭേദിച്ച ഈ മാധ്യമപ്രവര്‍ത്തകനെ കാലം അടയാളപ്പെടുത്തുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com