

ന്യൂഡൽഹി: മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ഫയലിൽ കേന്ദ്ര സർക്കാർ ഒപ്പുവെച്ചു. വെള്ളിയാഴ്ച ഇന്ദു മൽഹോത്ര സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. അതിനിടെ കേന്ദ്രസർക്കാർ തീരുമാനത്തിൽ ജഡ്ജിമാർ കടുത്ത അതൃപ്തിയിലാണ്. കൊളിജീയം ശുപാർശയിൽ സർക്കാരിന്റെ ഏകപക്ഷീയ തീരുമാനമാണ് ജഡ്ജിമാരുടെ അതൃപ്തിക്കിടയാക്കിയത്.
മൂന്നു മാസം മുമ്പാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരങ്ങിയ കൊളീജിയം ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെയും, ഇന്ദു മൽഹോത്രയുടെയും പേരുകൾ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്തത്. എന്നാൽ ഫയൽ വെച്ചു താമസിപ്പിച്ച കേന്ദ്രനിയമമന്ത്രാലയം ഒടുവിൽ, ഇന്ദു മൽഹോത്രയുടെ നിയമനത്തിന് മാത്രമാണ് അംഗീകാരം നൽകിയത്. ജസ്റ്റിസ് കെ എം ജോസഫിന്റെ ഫയൽ ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലാണ്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അഭിപ്രായം പോലും തേടാതെയാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനം ചർച്ച ചെയ്യാൻ സുപ്രീംകോടതി ഫുൾകോർട്ട് വിളിക്കണമെന്ന് ജഡ്ജിമാർ വീണ്ടും ആവശ്യപ്പെട്ടു. നേരത്തെ സീനിയർ ജഡ്ജിമാരായ ചെലമേശ്വർ, കുര്യൻ ജോസഫ് തുടങ്ങിയവർ സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം വെച്ചു താമസിപ്പിക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നു.
അഭിഭാഷകരായിരിക്കെ സുപ്രീം കോടതി ജഡ്ജിയായി നിയമനം ലഭിക്കുന്ന പ്രഥമ വനിതയാണ് ഇന്ദു മൽഹോത്ര. നിലവിൽ ആർ. ഭാനുമതി മാത്രമാണ് സുപ്രീം കോടതിയിലെ വനിത പ്രാതിനിധ്യം. ഇന്ദു മൽഹോത്രക്ക് മുമ്പ് ആറു വനിതകളാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. 1989ൽ ജസ്റ്റീസ് ഫാത്തിമ ബീവിയാണ് സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി. ജസ്റ്റീസുമാരായ സുജാത മനോഹർ, റുമ പാൽ, ജ്ഞാൻ സുധ മിശ്ര, രഞ്ജന ദേശായി എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരായിരുന്നിട്ടുള്ള മറ്റ് വനിതകൾ. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates