ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഏപ്രില്‍ 20 വരെ ഒരു ഘട്ടവും ഇതിന് ശേഷം അടുത്ത ഘട്ടവും എന്ന നിലയിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ 20 വരെ ഇപ്പോഴുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഒരു കാരണവശാലും പൊതുഗതാഗതമോ, അന്തര്‍ വാഹന സര്‍വീസുകളോ അനുവദിക്കില്ല. അത്യാവശ്യ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ പാടില്ല. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാം. രണ്ട് പേര്‍ യാത്ര ചെയ്യാന്‍ പാടില്ല. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കാറുകളില്‍ രണ്ട് പേരെ പാടുള്ളൂവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 15 പേജോളം വരുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒരു കാരണവശാലും തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഇളവുകള്‍ കര്‍ഷകര്‍ക്കും, ഗ്രാമീണ മേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ക്കുമാണ്. നിര്‍മാണ മേഖലയ്ക്കും ഇളവുകളുണ്ട്. ഗ്രാമീണമേഖലയിലെ റോഡ്, പാലം നിര്‍മാണം, വര്‍ക്ക് സൈറ്റില്‍ തൊഴിലാളികള്‍ തങ്ങുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലും ഇളവുകള്‍ നല്‍കാം. തൊഴിലുറപ്പ് പദ്ധതി കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ച് തുടങ്ങാം. മദ്യവില്‍പനയ്ക്ക് കര്‍ശനനിയന്ത്രണമുണ്ടാകും.
മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. വില്‍പനയും മാര്‍ക്കറ്റിംഗും അനുവദിക്കും. തേയില, കാപ്പി, കശുവണ്ടി, റബ്ബര്‍ പ്ലാന്റേഷനുകളില്‍ 50 ശതമാനം ജോലിക്കാരുമായി പ്രവര്‍ത്തിക്കാം. കുട്ടികളുടെയും, ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരുടെയും, വൃദ്ധരുടെയും, സ്ത്രീകളുടെയും, വിധവകളുടെയും പുനരധിവാസകേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഒരു ട്രക്കില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു ഹെല്‍പ്പറും അനുവദിക്കും. ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തണം. മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യമുള്ളിടത്ത് മൂന്നിലൊന്ന് ഒരു ദിവസം എത്തണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates