

പതിനാറു വര്‍ഷം മുമ്പ് സൈക്കിള്‍ ചവിട്ടി നടന്ന വഴികളിലൂടെ ഒരിക്കല്‍ക്കൂടി എത്തുകയാണ്, ഇറോം ശര്‍മിള. സഞ്ചാരം സൈക്കിളില്‍ തന്നെ. പതിനാറു വര്‍ഷമായി മണിപ്പൂരിന്റെ മുഖ്യമന്ത്രിപദത്തിലിരിക്കുന്ന ഒക്രാം ഇബോബി സിങ്ങിനെതിരായ രാഷ്ട്രീയ പോരാട്ടം കൂടിയാണ്, ഇറോം ശര്‍മിളയുടെ പുതിയ സൈക്കിള്‍ സവാരി.
ഐതിഹാസികം എന്നു വിശേഷിപ്പിക്കപ്പെട്ട ഉപവാസ സമരം അവസാനിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ഇറോം ശര്‍മിളയുടെ ആദ്യ തെരഞ്ഞെടുപ്പുപോരാട്ടമാണിത്. ഇറോം ഉള്‍പ്പെടെ ഇരുപതു സ്ഥാനാര്‍ഥികളെയാവും പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പ്രജ പാര്‍ട്ടി അണിനിരത്തുക. മാര്‍ച്ച് നാലിനും എട്ടിനുമായി രണ്ടു ഘട്ടങ്ങളിലാണ് മണിപ്പൂരിലെ പോളിങ്.
ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടിലല്ല ഇറോമിന്റെ കന്നി തെരഞ്ഞെടുപ്പ് അങ്കം. മണിപ്പൂരില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള തൗബാല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ഇറോം. സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനെതിരെ സിംഹത്തെ അതിന്റെ മടയില്‍നിന്ന് നേരിടുക എന്ന തന്ത്രം പയറ്റുകയാണ് മണിപ്പുരിന്റെ ഉരുക്കുവനിത.
പ്രചാരണ കോലാഹലമോ വമ്പന്‍ റാലികളോ ഒന്നുമില്ലാത്ത ഇറോം ശര്‍മിളയുടെ ശൈലി ജനങ്ങള്‍ക്ക് ഇഷ്ടമാവുന്നുണ്ടെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം. പഴയപോലെ സൈക്കിളില്‍ എത്തി മണ്ഡലത്തിലെ ഓരോരുത്തരെയും നേരില്‍ കാണുക എന്നതാണ് ഇറോമിന്റെ രീതി. ജനങ്ങള്‍ ഒരുമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് ഇറോമും പറയുന്നു.
അതേസമയം ഇബോബി സിങ്ങിന് ഇറോം ശര്‍മിള ഏതെങ്കിലും വിധത്തില്‍ ഭീഷണിയാവുമെന്നു കരുതുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം. ഇബോബി സിങ് മണ്ഡലത്തില്‍ ആഴത്തില്‍ വേരുകളുള്ള നേതാവാണ്. തെരഞ്ഞെടുപ്പു ഫലത്തില്‍ അതു പ്രതിഫലിക്കുക തന്നെ ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates