ഈ ഗോത്രത്തില്‍ ജനിച്ചതാണ് അവളുടെ കുറ്റം; അവര്‍ ജീവിച്ചതെങ്ങനെ? 

ജമ്മുകാശ്മീരില്‍ മൃഗീയമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ മരണത്തിന് കാരണക്കാരായ പ്രതികളിലൊരാള്‍ പറഞ്ഞത്  അസിഫ ബാനു ചെയ്ത കുറ്റം ബേക്കര്‍വാള്‍ വംശത്തില്‍ ജനിച്ചു എന്നതാണ് എന്നാണ്
ഈ ഗോത്രത്തില്‍ ജനിച്ചതാണ് അവളുടെ കുറ്റം; അവര്‍ ജീവിച്ചതെങ്ങനെ? 
Updated on
2 min read

ജമ്മുകാശ്മീരില്‍ മൃഗീയമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ മരണത്തിന് കാരണക്കാരായ പ്രതികളിലൊരാള്‍ പറഞ്ഞത്  അസിഫ ബാനു ചെയ്ത കുറ്റം ബേക്കര്‍വാള്‍ വംശത്തില്‍ ജനിച്ചു എന്നതാണ് എന്നാണ്. അത്രമേലുണ്ട് ഇവിടെ മനുഷ്യര്‍ക്കുള്ളിലെ വര്‍ഗ്ഗീയ ചിന്ത. കശ്മീരിലെ കത്തുവാ ജില്ലയിലെ രസാന ഗ്രാമത്തില്‍ നിന്നും നാടോടി മുസ്ലീമുകളായ ബേക്കര്‍വാള്‍ വിഭാഗത്തില്‍പ്പെട്ടവരെ തുരത്താനും അതിനവരെ ഭയപ്പെടുത്താനും വേണ്ടിയാണ് പ്രതികളായ സഞ്ജി റാമിന്റെ നേതൃത്വത്തില്‍ ഒരു എട്ടുവയസുകാരിയോട് ഈ ക്രൂരത കാട്ടിയത്. 

ഇവര്‍ ജമ്മു കശ്മീരിലെ ദളിതര്‍

രാജ്യത്തെ മറ്റ് ഇടങ്ങളില്‍ ദളിതരോട് പെരുമാറുന്ന പോലെയാണ് ജമ്മു കാശ്മീരില്‍ ബേക്കര്‍വാള്‍ സമൂഹത്തോടുള്ള സമീപനമെന്നാണ് ട്രൈബല്‍ അക്ടിവിസ്റ്റ് ജാവീദ് റാഹിയുടെ വാക്കുകള്‍. ജമ്മു കാശ്മീരിലെ മൂന്നാമത്തെ വലിയ ഗോത്ര സമൂഹമാണ് ഗുജ്ജാര്‍ ബേക്കര്‍വാള്‍. ഇവരില്‍ അധികവും സുന്നി മുസ്ലീമുകളാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 12ശതമാനം വരും ഗുജ്ജാര്‍ ബേക്കര്‍വാള്‍ സമൂഹം. 

1991ലാണ് ഈ വിഭാഗത്തെ ഷെഡ്യൂള്‍ഡ് ട്രൈബ് ഗണമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ സമതല പ്രദേശങ്ങളില്‍ ജീവിക്കുന്ന ഇവര്‍ വേനല്‍കാലത്ത് വടക്കുപടിഞ്ഞാറന്‍ ഹിമാലയന്‍ പ്രദേശങ്ങളിലേക്ക് നീങ്ങും. 

ബേക്കര്‍വാള്‍ സമൂഹത്തില്‍പ്പെട്ട ആളുകള്‍ പ്രധാനമായും ആട്ടിടയരാണ്. ആടുകളെയും ചെമ്മരിയാടുകളെയും വളര്‍ത്തുന്ന വര്‍ക്കിടയില്‍ ചിലര്‍ കുതിര, നായ, എരുമ തുടങ്ങിയ മൃഗങ്ങളെയും വളര്‍ത്തുന്നുണ്ട്. ഇവരില്‍ ഒരു കൂട്ടം പൂര്‍ണ്ണമായും നാടോടികളായി ജീവിക്കുമ്പോള്‍ മറ്റൊരു കൂട്ടം അര്‍ദ്ധ-നാടോടികളാണ്. ഇവരില്‍തന്നെ ചിലര്‍ മുഴുവന്‍ സമയ കര്‍ഷകരുമാണ്. 

ഇവര്‍ നാടോടികളാണ്, ഇവര്‍ മുസ്ലീങ്ങളാണ്

കശ്മീരികള്‍ ഇവരെ മാറ്റിനിര്‍ത്താന്‍ കാരണം ഇവരുടെ നാടോടി ജീവിതമാണ് എന്നാല്‍ ഹിന്ദുക്കള്‍ കൂടുതലുള്ള ജമ്മുവില്‍ ഇവര്‍ അവഗണിക്കപ്പെടുന്നതിന് കാരണം ഇവര്‍ മുസ്ലീങ്ങളാണെന്നതാണ്. പുറത്തുനിന്നുവന്ന ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ സ്ഥലത്ത് താമസിക്കുന്നെന്ന മനോഭാവമാണു ജമ്മൂ നിവാസികള്‍ക്ക് ഇവരോടുള്ളത്. ഇതുതന്നെയാണ് അസിഫയുടെ സംഭവത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നതും.

പ്രതികളെ പിന്തുണയ്ക്കാനും അവരെ രക്ഷപ്പെടുത്താനും നിരവധി ഹിന്ദു സംഘടനകളും പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകരും അഭിഭാഷകരും രംഗത്തെത്തികഴിഞ്ഞു. പോലീസ് ചാര്‍ജ്ജ്ഷീറ്റ് ഫയല്‍ ചെയ്യുന്നത് തടയാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അതിനുപോലും അവര്‍ ശ്രമിച്ചിരുന്നു എന്നതാണ് വാസ്തവം. 

''കശ്മീരികളോ ദോഗ്രകളോ ഞങ്ങള്‍ക്കൊപ്പം നില്‍ക്കില്ല. ഞങ്ങളുടെ സമുദായത്തിലുള്ളവര്‍ മാത്രമാണ് ഞങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയൊള്ളു'', റാഹി പറയുന്നു. 

വിദ്യാഭ്യാസത്തിലും ഇവര്‍ പിന്നില്‍

കശ്മീരിലെ 12 ഗോത്ര വംശങ്ങളില്‍ ഏറ്റവും കുറവ് സാക്ഷരതയുള്ളവര്‍ ബേക്കര്‍വാള സമുദായത്തില്‍ പെട്ടവരാണ്. 2011ല്‍ നടത്തിയ സെന്‍സസ് അനുസരിച്ച് ബേക്കര്‍വാള സമുദായത്തിലെ 7.8ശതമാനം ആളുകള്‍ മാത്രമാണ് 12-ാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ബേക്കര്‍വാള സ്ത്രീകളില്‍ പത്തില്‍ എട്ടുപേരും നിരക്ഷരരാണ്. എന്നാല്‍ സമീപകാലത്ത് ഇവര്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടുവരുന്നുണ്ട്. 

വിവാഹം മൃഗപരിപാലനത്തിനുള്ള ആളെ കണ്ടെത്തല്‍

ബാലവിവാഹം, സ്ത്രീധനം തുടങ്ങിയ വിഷയങ്ങള്‍ ബേക്കര്‍വാള സമുദായത്തില്‍ വ്യാപകമായി നിലകൊള്ളുന്നവയാണ്. പെണ്‍കുട്ടികളില്‍ പലരുടെയും വിവാഹം ജനിച്ചുടനെ നിശ്ചയിക്കപ്പെടുന്നു. കൗമാരത്തിലെത്തുമ്പോഴെ പ്രായമായ പുരുഷന്‍മാരുമായി പലരുടെയും വിവാഹം നടന്നുകഴിഞ്ഞിരിക്കും. പുരുഷന്‍മാര്‍ക്കാകട്ടെ പലര്‍ക്കും രണ്ടുമുതല്‍ ഏഴ് വരെ ഭാര്യമാരുണ്ടാകാം. 

മൃഗങ്ങളെ പരിപാലിക്കാനുള്ള മാര്‍ഗമായാണ് ഇവര്‍ സ്ത്രീകളെ കാണുന്നതുന്നെ. കൂടുതല്‍ വിവാഹം കഴിച്ചാല്‍ മൃഗങ്ങളെ നോക്കാന്‍ കൂടുതല്‍ ആളുകളെ കിട്ടും അത്രതന്നെ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com