ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ/ഫയല്‍
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ/ഫയല്‍

'ഉത്തരവു പുറപ്പെടുവിക്കാന്‍ ഞങ്ങള്‍ക്കു കുറച്ചു സ്വാതന്ത്ര്യം വേണം' ; സോളിസിറ്റര്‍ ജനറലിനെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് 

'ഉത്തരവു പുറപ്പെടുവിക്കാന്‍ ഞങ്ങള്‍ക്കു കുറച്ചു സ്വാതന്ത്ര്യം വേണം' ; സോളിസിറ്റര്‍ ജനറലിനെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് 
Published on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ഉത്തരവിടുന്നതിടെ തടസ്സവാദങ്ങള്‍ ഉന്നയിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ വിമര്‍ശനം. കോടതിയെ ഇത്തരത്തില്‍ തടസപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹൈക്കോടതി ഒരു മാസത്തേക്കു നീട്ടിവച്ച കലാപക്കേസുകള്‍ വെള്ളിയാഴ്ച പരിഗണിക്കണമെന്ന ഉത്തരവിടുന്നതിനിടയിലാണ് തുഷാര്‍ മേത്ത തടസവാദം ഉന്നയിച്ചത്. വെള്ളിയാഴ്ച പരിഗണിക്കാന്‍ ഉത്തരവിടരുതെന്നും തിങ്കളാഴ്ച വരെയെങ്കിലും സമയം നല്‍കണമെന്നും സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ഥിച്ചു. ഈ ഘട്ടത്തിലാണ് ചീഫ് ജസ്റ്റിസ് വിമര്‍ശനം ഉന്നയിച്ചത്. '' മിസ്റ്റര്‍ സോളിസിറ്റര്‍, ഉത്തരവു പുറപ്പെടുവിക്കാന്‍ ഞങ്ങള്‍ക്കു കുറച്ചു സ്വാതന്ത്ര്യം വേണം, ഇതുപോലെ തടസപ്പെടുത്തുന്നത് അനുവദിക്കാനാവില്ല''- ചീഫ് ജസ്റ്റിസ് പറഞ്ഞു.

കലാപക്കേസുകള്‍ ദീര്‍ഘകാലത്തേക്കു മാറ്റിവയ്ക്കുന്നതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആരാഞ്ഞു.

കലാപത്തിന് ഇരയായവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദറും സമാനമായ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതു  പരിഗണനയ്ക്കു വന്നപ്പോള്‍ ഹര്‍ഷ് മന്ദര്‍ നടത്തിയ വിദ്വേഷ പ്രസംത്തിന്റെ വിവരങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. തുടര്‍ന്ന് മന്ദറിന്റെ ഹര്‍ജി മാറ്റിവച്ച കോടതി, കലാപത്തിന് ഇരയായവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു. സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസാണ് ഇരു ഹര്‍ജികളിലും ഹാജരായത്. 

കലാപക്കേസുകള്‍ അടുത്ത മാസത്തേക്കു മാറ്റിവച്ച ഡല്‍ഹി ഹൈക്കോടതിയുടെ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം കേസുകള്‍ ദീര്‍ഘമായി മാറ്റിവക്കുന്നതു നീതീകരണമില്ലാത്തതാണ്. കേസുകള്‍ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. 

കേസുകള്‍ നാലാഴ്ചത്തേക്കു മാറ്റിയതില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കാരണമുണ്ടാവുമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. മൂന്നോ നാലോ വ്യക്തികളുടെ വിദ്വേഷ പ്രസംഗമാണ് കലാപത്തിനു കാരണമെന്നു പറയുന്നത് ബാലിശമെന്നും സോളിസിറ്റര്‍ ജനറള്‍ വാദിച്ചു. എന്നാല്‍ വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കുന്നതിന് എന്താണ് തടസമെന്നായിരുന്നു കോടതിയുടെ പ്രതികരണം.

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേസ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് ഏപ്രില്‍ 13ലേക്കാണ് ഡല്‍ഹി ഹൈക്കോടതി മാറ്റിവച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com