

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ചുട്ടുകൊന്ന സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. അക്രമത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. ബലാത്സംഗത്തിന് ഇരയായാല്‍ യുപിയില്‍ ജീവിക്കുക ദുഷ്‌കരമാണ്. ഇരയെ സംരക്ഷിക്കാന്‍ മുഖ്യമന്തി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു.
'യുപി സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. 11 മാസത്തിനുള്ളില്‍ 90 ബലാത്സംഗക്കേസുകളാണ് ഉന്നാവ് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ക്രമസമാധനം നിലനിര്‍ത്തുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. യുപിയിലെ മെയ്ന്‍പുരിയിലെയും സമ്പലിലെയും അവസ്ഥ ഭയാനകമാണ്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. ഇത് തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു ശ്രമവും ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. മാത്രമല്ല, കുറ്റവാളികളെ സംരക്ഷിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.' പ്രിയങ്ക പറഞ്ഞു.
ഉന്നാവിലെ ബലാത്സംഗ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ യുപി പൊലീസ് നാലുമാസം സമയമെടുത്തു. കഴിഞ്ഞ കുറച്ചു മാസമായി കേസിലെ പ്രധാനപ്രതി ജാമ്യത്തിലാണ്. നിര്‍ഭയ കേസിനു ശേഷം ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കുന്നതിനുള്ള നിയമം വന്നെങ്കിലും അത് നടപ്പാകുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചു കൊന്ന പൊലീസ് നടപടി ശരിയോ തെറ്റോ എന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷേ, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാനനില പരിപാലിക്കുക എന്നത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക ഓര്‍മിപ്പിച്ചു.
ബലാത്സംഗത്തിന് കേസ് കൊടുത്തതിന്റെ പകയില്‍ പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ യുവതിക്ക് രാത്രി 11.10ഓടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates