ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത് ഇതുവരെ ലഭിച്ചില്ല ; ചീഫ് ജസ്റ്റിസ് വിശദീകരണം തേടി; അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത് ഇതുവരെ ലഭിച്ചില്ല ; ചീഫ് ജസ്റ്റിസ് വിശദീകരണം തേടി; അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

ബിജെപി നേതാവിന്റെ ഭീഷണി ചൂണ്ടിക്കാണിച്ച് പെൺകുട്ടിയും കുടുംബവും ജൂലൈ 12 നായിരുന്നു ചീഫ് ജസ്റ്റിസിനു കത്തയച്ചത്
Published on

ന്യൂഡല്‍ഹി : ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എയുടെ കൂട്ടാളികളില്‍ നിന്നും തനിക്ക് നിരന്തരം ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇരയായ പെണ്‍കുട്ടി അയച്ച കത്ത് ലഭിക്കാന്‍ വൈകുന്നതില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിശദീകരണം തേടി. സുപ്രിംകോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയത്. എന്ത് കൊണ്ടാണ് തനിക്ക് ഈ കത്ത് ഇതുവരെ ലഭ്യമാകാത്തതെന്ന കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ ജയിലിലുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ സഹോദരനും കൂട്ടാളികളും തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്ന് ജൂലൈ 12 നായിരുന്നു ചീഫ് ജസ്റ്റിസിനു കത്തയച്ചത്. 

ജൂലായ് ഏഴിനും എട്ടിനും ബിജെപി നേതാവിന്റെ സഹോദരനും സഹായികളും വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയത് അടക്കമുള്ള സംഭവങ്ങളാണു കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്ന് കുല്‍ദീപിന്റെ സഹോദരന്‍ മനോജ് സിങ്ങും കൂട്ടാളികളും വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇക്കാര്യം പൊലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ജൂലായ് 12ന് അയച്ച ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം. 

ഞായറാഴ്ച റായ്ബറേലിയിലുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇത് ആസൂത്രണം ചെയ്ത അപകടമാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കുല്‍ദീപ് സിങ് സെന്‍ഗര്‍ക്കും സഹോദരനും അടക്കം പത്തുപേര്‍ക്കെതിരെ  കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.കേസില്‍ നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് മുമ്പ് പെണ്‍കുട്ടി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com