

ന്യൂഡല്‍ഹി : ഉന്നാവോ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ദുരൂഹസാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് പത്തുവർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ എല്ലാ പ്രതികൾക്കും 10 വർഷം തടവാണ് കോടതി ശിക്ഷ വിധിച്ചത്.
സെൻഗറും സഹോദരനും അടക്കം കേസിലെ എല്ലാ പ്രതികൾക്കും 10 ലക്ഷം രൂപ വീതം കോടതി പിഴയും വിധിച്ചു. കേസിൽ ഉൾപ്പെട്ട പൊലീസുകാർക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. സെന്‍ഗര്‍ അടക്കം ഏഴു പ്രതികള്‍ കുറ്റക്കാരാണെന്നാണ് മാർച്ച് നാലിന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായ നാലുപേരെ കോടതി വിട്ടയക്കുകയും ചെയ്തു.
ഉന്നാവോയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ, 2018 ഏപ്രില്‍ 9 നാണ് മരിക്കുന്നത്. സെന്‍ഗറിനും കൂട്ടാളികള്‍ക്കുമെതിരെ പരാതി നല്‍കിയതിന് കള്ളക്കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയും കുടുംബവും ആരോപിച്ചിരുന്നത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ പിതാവ് മര്‍ദനമേറ്റ് മരിച്ചതിന് പിന്നില്‍ സെന്‍ഗറിന്റെ ഗൂഢാലോചനയാണെന്നും കുടുംബം ആരോപിച്ചിരുന്നു. കേസില്‍ യുപി പൊലീസിന്റെ അന്വേഷണത്തിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതോടെയാണ്, കേസ് സിബിഐയെ ഏല്‍പ്പിച്ചത്. സെന്‍ഗര്‍, സഹോദരന്‍ അതുല്‍, അശോക് സിംഗ് ബദൂരിയ, സബ് ഇന്‍സ്‌പെക്ടര്‍ കാംത പ്രസാദ്, തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates