ലക്നൗ : ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറുടെ കൂട്ടാളികൾ ഉന്നാവോ പെൺകുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ.വനിത അവകാശ സമിതി അംഗങ്ങളോടാണ് പെൺകുട്ടിയുടെ അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. എംഎൽഎക്കെതിരായ കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയ എംഎൽഎയുടെ ഗുണ്ടാ സംഘം ഇരയായ പെൺകുട്ടിയുടെ അനിയത്തിയെയും ആക്രമിച്ചുവെന്നാണ് അമ്മ പറഞ്ഞത്.
ജയിലിൽ കഴിയുന്ന എംഎൽഎയുടെ അനുയായികൾ പലതവണ എത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛനെ മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചു. മർദനത്തെതുടർന്ന് അദ്ദേഹത്തിന്റെ കിഡ്നി തകരാറിലായി. ഭർത്താവിന്റെ അമ്മയെയും ഗുണ്ടകൾ ഉപദ്രവിച്ചതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് നൽകിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.
റായ്ബറേലിയിൽ വെച്ച് ദുരൂഹമായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിക്കും അഭിഭാഷകനും വെന്റിലേറ്റർ സംവിധാനം ഇന്ന് മാറ്റാനായേക്കുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. ലക്നൗവിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇരുവരുടെയും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം ഇവരെ വിദഗ്ധ ചികിൽസയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ സുപ്രിംകോടതി ഇന്ന് തീരുമാനം എടുത്തേക്കും. വിഷയത്തിൽ ഡോക്ടർമാരും കുട്ടിയുടെ കുടുംബവുമായി ചർച്ച നടത്തി തീരുമാനം അറിയിക്കാൻ അഭിഭാഷകൻ വി ഗിരിയെ ചീഫ് ജസ്റ്റിസ് ഇന്നലെ ചുമതലപ്പെടുത്തിയിരുന്നു.
അതിനിടെ മറ്റൊരു കേസിൽപ്പെട്ട് യുപിയിൽ ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവനെ തീഹാർ കോടതിയിലേക്ക് മാറ്റുന്ന കാര്യവും സുപ്രിംകോടതി പരിഗണിച്ചേക്കും. എംഎൽഎക്കെതിരെ ശക്തമായ നിലപാടുമായി പെൺകുട്ടിയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തിൽ അമ്മാവന്റെ ജീവനും ഭീഷണിയുണ്ടെന്ന് പരാതി ഉയർന്നിരുന്നു. എംഎൽഎയുടെ ഗുണ്ടകൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടിയുടെ അമ്മാവനും വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ പിതാവ് ജയിലിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു,.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates