

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി രാജസ്ഥാനില്‍ നിന്നുള്ള എംപി ഓം ബിര്‍ളയെ തെരഞ്ഞൈടുത്ത ബിജെപി നടപടിയെ പിന്തുണച്ച് ബിജു ജനതാദളും വൈഎസ്ആര്‍ കോണ്‍ഗ്രസും. ഈ രണ്ടുകക്ഷികള്‍ ഉള്‍പ്പെടെ പത്തു പാര്‍ട്ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു.
ശിവസേന, അകാലി ദള്‍, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, മിസോ നാഷണല്‍ ഫ്രണ്ട്, ലോക്ജനശക്തി പാര്‍ട്ടി, ജെഡിയു, എഐഎഡിഎംകെ, അപ്‌നാദള്‍ എന്നീ കക്ഷികളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത്. പ്രതിപക്ഷനിരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വ്യക്തമായ ഭൂരിപക്ഷമുള്ളതിനാലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത്.
കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദിനോടും കൊടിക്കുന്നില്‍ സുരേഷിനോടും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതനെക്കുറിച്ച് സംസാരിച്ചുവെന്നും ഇതുവരെയും അവര്‍ തീരുമാനമെടുത്തിട്ടില്ലെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുള്ളതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെഡിയും എന്‍ഡിഎ സഖ്യത്തിലില്ല. കേന്ദ്രവുമായി നല്ല ബന്ധത്തില്‍ പോകണമെന്ന പാര്‍ട്ടിയുടെ നയത്തിന്റെ ഭാഗമയാണ് പിന്തുണ പ്രഖ്യാപിച്ചതെന്ന് ബിജെഡി ലോക്‌സഭ കക്ഷി നേതാവ് പിനാകി മിശ്ര പറഞ്ഞു. ലോക്‌സഭയില്‍ വ്യക്തായ ഭൂരിപക്ഷമുണ്ടായിട്ടും പിന്തുണയ്ക്ക് വേണ്ടി ബിജെപി തങ്ങളെ സമീപിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എന്‍ഡിഎ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനായാസം വിജിക്കാന്‍ സാധിക്കും. 352പേരാണ് സഭയില്‍ എന്‍ഡിഎ അംഗങ്ങളായുള്ളത്. ബിജെപിക്ക് മാത്രം 303 അംഗങ്ങളുണ്ട്.
രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് രണ്ടാമതാണ് ബിര്‍ള ലോക്‌സഭയിലെത്തുന്നത്. കാര്‍ഷിക പ്രവര്‍ത്തകന്‍ എന്നാണ് ബിര്‍ല സ്വയം വിശേഷിപ്പിക്കുന്നത്. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ബിര്‍ള, വിദ്യാര്‍ത്ഥി
രാഷ്ട്രീയം വഴിയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. മൂന്നുതവണ രാജസ്ഥാന്‍ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെയും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates